Tuesday, June 30, 2026
Home » പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു: ദോഹയിൽ അമേരിക്ക ഇറാൻ ചർച്ച ?
അമേരിക്ക ഇറാൻ ചർച്ച

പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു: ദോഹയിൽ അമേരിക്ക ഇറാൻ ചർച്ച ?

by Editor

ദോഹ: പശ്ചിമേഷ്യയിലെ യുദ്ധഭീതി താൽക്കാലികമായി അകറ്റിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്കായി ഇരുവിഭാഗത്തിന്റെയും പ്രതിനിധികൾ ഖത്തറിലെ ദോഹയിലേക്ക് തിരിച്ചു. പരസ്‌പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും അന്തിമ കരാറിലെത്തുന്നത് സംബന്ധിച്ച ചർച്ചകൾ ഇന്ന് ദോഹയിൽ നടക്കുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച ചർച്ച നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ചർച്ചകൾ സംബന്ധിച്ച് അമേരിക്കൻ അവകാശവാദങ്ങൾ ഇറാൻ ഔദ്യോഗികമായി നിഷേധിക്കുകയോ പൂർണ്ണമായി സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇരുപക്ഷത്തെയും നയതന്ത്രജ്ഞർ ദോഹയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ഇപ്പോഴും ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്.

മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കാൻ രണ്ടാഴ്‌ച മുൻപ് ഒപ്പിട്ട ഇടക്കാല സമാധാനക്കരാർ ലംഘിച്ചുകൊണ്ടാണ് യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടിയത്. ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തെ ബദൽ പാതയിലൂടെ കപ്പലുകൾ കടത്തിവിടാനുള്ള യുഎസ് സേനയുടെ ശ്രമവും തെക്കൻ ലബനനിൽ നിന്ന് പിന്മാറാൻ ഇസ്രയേൽ തയ്യാറാകാത്തതുമാണ് നിലവിലെ സംഘർഷങ്ങൾക്ക് വഴിവെച്ചത്.

തെക്കൻ ഇറാനിലെ ഖിഷം ദ്വീപ്, സിരിക്, ബന്തർലൻക തീരനഗരങ്ങൾ എന്നിവിടങ്ങളിൽ യുഎസ് നടത്തിയ ബോംബാക്രമണങ്ങൾക്ക് മറുപടിയായി ബഹ്റൈനിലും കുവൈറ്റിലും ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. സംഘർഷത്തിനിടെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ഖത്തർ പൗരൻ ഷെൽ തറച്ച് മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ആക്രമണ പരമ്പരകൾക്ക് ശേഷം നിലവിൽ ഇരുരാജ്യങ്ങളും പരസ്പരമുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തർക്കങ്ങൾ പരിഹരിക്കാൻ ദോഹയിൽ ചർച്ചകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, എല്ലാത്തരം സൈനിക പ്രത്യാക്രമണങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ഇരുപക്ഷവും സമ്മതിച്ചു. അതിനാൽ ഇന്നലെ (ജൂൺ 29) അമേരിക്കയും ഇറാനും തമ്മിൽ പുതിയ ആക്രമണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

യുഎസിന്റെ 8 താവളങ്ങൾ അക്രമിച്ചെന്ന് ഇറാൻ; അമേരിക്കയെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ്.

Send your news and Advertisements

You may also like

error: Content is protected !!