Friday, May 29, 2026
Home » ഇറാൻ 10 ദിവസത്തിനുള്ളിൽ വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ “വളരെ മോശമായ കാര്യങ്ങൾ” സംഭവിക്കുമെന്ന് ട്രംപ്

ഇറാൻ 10 ദിവസത്തിനുള്ളിൽ വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ “വളരെ മോശമായ കാര്യങ്ങൾ” സംഭവിക്കുമെന്ന് ട്രംപ്

by Editor

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധ ഭീഷണി നിലനിൽക്കെ വീണ്ടും ഇറാന് മുന്നറിയിപ്പുമായി ട്രംപ്. അമേരിക്ക മുന്നോട്ടുവെച്ച ആണവ നിബന്ധനകൾ അംഗീകരിക്കാൻ ഇറാന് പത്തു ദിവസത്തെ സമയം ആണ് ട്രംപ് അനുവദിച്ചിരിക്കുകയാണ്. യൂറേനിയം സമ്പുഷ്‌ടീകരണം പൂർണമായും നിർത്തണമെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഉപേക്ഷിക്കണമെന്നുമാണ് പ്രധാന ആവശ്യം. അല്ലാത്തപക്ഷം “വളരെ മോശമായ കാര്യങ്ങൾ” സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാനെതിരായ സൈനിക നടപടികൾക്ക് സജ്ജമാണെന്ന് പെൻ്റഗൺ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അന്ത്യശാസനത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുഎസ് അത്യാധുനിക പോർവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ആണവ നിലയങ്ങൾ ആക്രമിക്കാൻ സൈന്യം തയ്യാറാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളായ യുഎസ്എസ് അബ്രഹാം ലിങ്കൺ നിലവിൽ അറബിക്കടലിലും, യുഎസ്എസ് ജെറാൾഡ് ഫോർഡ് മെഡിറ്ററേനിയൻ ഭാഗത്തേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പരിമിതമായ ആക്രമണങ്ങൾ അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനിടെ അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് തുറന്ന ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇറാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. മേഖലയിൽ അമേരിക്ക സൈനിക ശേഷി വർധിപ്പിക്കുന്നത് ഇറാനെ ആക്രമിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ മേഖലയിലെ യുഎസ് സൈനിക സംവിധാനങ്ങൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ കത്തിൽ വ്യക്തമാക്കുന്നു.

അമേരിക്കൻ ആക്രമണമുണ്ടായാൽ മേഖലയിലാകെ യുദ്ധം പടരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈനികാഭ്യാസം നടത്തുകയും സമുദ്രപാത താൽക്കാലികമായി അടയ്ക്കുകയും ചെയ്തു. കൂടാതെ, വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ പ്രധാന ആണവ നിലയങ്ങൾക്ക് ചുറ്റും ഇറാൻ സുരക്ഷാ കവചങ്ങൾ ശക്തമാക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കയുടെ സമ്മർദ്ദങ്ങൾക്കിടെ ഇറാൻ റഷ്യ ചൈന സംയുക്ത നാവിക അഭ്യാസം; ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് ഖൊമേനി.

Send your news and Advertisements

You may also like

error: Content is protected !!