Friday, May 29, 2026
Home » കൈക്കുടന്നനിറച്ച സംഗീതം: രഘുകുമാർ.
കൈക്കുടന്നനിറച്ച സംഗീതം: രഘുകുമാർ.

കൈക്കുടന്നനിറച്ച സംഗീതം: രഘുകുമാർ.

വിനോദ് കട്ടച്ചിറ

by Editor

സൂപ്പർഹിറ്റ്ഗാനങ്ങളുടെ പൊൻവീണയായിരുന്നു സംഗീതസംവിധായകൻ രഘുകുമാർ. ഒരുകാലത്ത് യുവഹൃദയങ്ങള്‍ ഏറ്റുപാടിയ ഗാനങ്ങൾ ഇന്നും കാലാതിവർത്തികളായി നിലകൊള്ളുന്നു.
”ചെമ്പരത്തിപ്പൂവേചൊല്ല് ദേവനെനീകണ്ടോ”(ശ്യാമ)
”പൊന്മുരളിയൂതുംകാറ്റിൽ..” (ആര്യൻ)
”മൃദുലേ ഇതാ ഒരു ഭാവഗീതമിതാ..” (ധീര)
“നിന്നെയെൻസ്വന്തമാക്കും ഞാൻ….” (വിഷം)
പൊൻവീണേ എന്നുള്ളിൽ മൗനംവാങ്ങൂ…” (താളവട്ടം)
“കളഭംചാർത്തും കനകക്കുന്നിൽ…..” (താളവട്ടം)
കൈക്കുടന്നനിറയെ തിരുമധുരംതരും….” (മായാമയൂരം)
തൊഴുകൈകൂപ്പിയുണരും…..” (ബോയിങ് ബോയിങ്)
കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു….” (പൊൻതൂവൽ)
നീയെൻ കിനാവോ….” (ഹലോ മൈഡിയർ റോങ്നമ്പർ)
“ഈ കുളിർ നിശീഥിനിയിൽ…..” (ആയിരംകണ്ണുകൾ)
“മുത്തുക്കുടചൂടി നീ വാ വാ….” (ഒന്നാനാംകുന്നിൽ ഒരടിക്കുന്നിൽ)

ഇതൊക്കെ സിനിമാ ഗാനപ്രേമികള്‍ ഇപ്പോഴും മൂളി നടക്കുമ്പോള്‍ ഈണമൊരുക്കിയ രഘുകുമാറിനെ അവരറിയുന്നുണ്ടാവില്ല. പ്രിയദര്‍ശന്റെ ഇഷ്ട സംഗീതസംവിധായകനായിരുന്നു രഘുകുമാര്‍. അദ്ദേഹം ഈണമിട്ട ഏതുഗാനമാണ് ഹിറ്റ്‌ചാർട്ടിൽ ഇടംപിടിക്കാതിരുന്നത്. ഒന്നുംതന്നെയില്ല. എന്നിട്ടും മലയാളസംഗീതലോകം പലപ്പോഴും അദ്ദേഹത്തെ അവഗണിച്ചു. സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയപ്പോഴൊക്കെയും അർഹിക്കുന്ന പരിഗണനകളൊന്നും ലഭിയ്ക്കാതെപോയി.

മനസിന്റെഉള്ളറകളിൽ മറന്നിരിക്കുന്ന പാട്ടുകൾ പെട്ടെന്ന് ഓർമയിലേക്ക് വരുമ്പോൾ തൂവൽനേർമ്മയോടെ വിഷാദംതഴുകുന്നപോലെ തോന്നും. എങ്കിലുമത് മനസിനെ മൂടുകയല്ല ചെയ്യുക, ചെറുതലോടലിന്റെ ആശ്വാസം പകരുക മാത്രമാണ്.. കാവ്യഭംഗിയുടെ ലാവണ്യംചോരാത്ത സംഗീതത്തിനു മാത്രമേ അത്തരം മായാജാലം സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. രഘുകുമാറിന്റെ സംഗീതത്തിൽ നിറഞ്ഞുനിന്നത് ഈ മായാജാലമായിരുന്നു.

മനസ്സുകീഴടക്കുന്ന ഭാവസൗന്ദര്യവും, ഒഴുക്കും കാൽപനികാന്തരീക്ഷവും ചേർന്നതായിരുന്നു രഘുകുമാറിന്റെ സംഗീതം.

1974 മുതൽ തൊണ്ണൂറുകളുടെ തുടക്കംവരെ ഒട്ടേറെസിനിമകളിൽ അദ്ദേഹംനിറഞ്ഞുനിന്നു. ഒരിക്കലും സിനിമാ പാട്ടുകൾക്കുവേണ്ടി അവസരംതേടി പോയിട്ടില്ലാത്തതുകൊണ്ടാവാം എണ്ണിപറയാൻ ഏറെ ചിത്രങ്ങളുമില്ലാതെപോയത്. എന്നിട്ടും പ്രിയദർശൻ, ജോഷി, തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ തുടർച്ചയായ സാന്നിധ്യമായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ മധുരോദാരങ്ങളായ നിരവധി മെലഡികൾ രഘുകുമാർ സൃഷ്ടിച്ചു.

ഏകദേശം മുപ്പതിൽ‌പ്പരം സിനിമകൾക്കുവേണ്ടി ഗാനങ്ങളൊരുക്കി. താളവട്ടം, ഹലോമൈഡിയർ റോങ്ങ് നമ്പർ, ശ്യാമ, ബോയിങ്ങ് ബോയിങ്ങ്, ചെപ്പു്, വീണ്ടുംലിസ, മായാമയൂരം, ആര്യൻ, കാണാക്കിനാവു്, സുഭദ്രം എന്നീ ചിത്രങ്ങളിലെ ജനപ്രീതിനേടിയ ഗാനങ്ങൾ പ്രസിദ്ധിയാർജ്ജിച്ചവയിൽ ചിലവമാത്രം. 2011ൽ ‘കളക്ടർ’ എന്ന ചിത്രത്തിലാണ് അവസാനമായി സംഗീതസംവിധാനം നിർവ്വഹിച്ചത്.

ഗാനപൌർണ്ണമി, സ്വീറ്റ്മെലഡീസ്, തുളസീമാല, ചിത്രവസന്തം, വരുമോ വാസന്തം എന്നു തുടങ്ങി പത്തോളം ആൽബങ്ങൾക്കുവേണ്ടി എൺപതിൽ‌പ്പരം ഗാനങ്ങൾ അദ്ദേഹമൊരുക്കി ഹിറ്റുകളാക്കി. മലയാളത്തിലെ സൂപ്പർഹിറ്റുകളായ ലിസ, ശംഖുപുഷ്പം, കാത്തിരുന്ന നിമിഷം, ധീര തുടങ്ങി ഒരുപിടി നല്ല മലയാള ചിത്രങ്ങളുടെ നിർമ്മാതാവുകൂടിയായിരുന്നു അദ്ദേഹം.

ജനനം: 1953 ജൂൺ 13-ന് തൃപ്പൂണിത്തുറയിൽ.
മരണം: 2014 ഫെബ്രുവരി 20-ന് 60-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

മലയാളിക്കും മലയാളസിനിമയ്ക്കും മറക്കാനാവാത്ത ഒരുപിടിഗാനങ്ങൾക്ക് ജീവനും, ആത്മാവും നൽകിയ സംഗീത സംവിധായകൻ രഘുകുമാർ അദ്ദേഹമൊരുക്കിവച്ചുപോയ പാട്ടുകളിലൂടെ കാലമെന്നും സ്മരിക്കപ്പെടും.. തീർച്ച.

വിനോദ് കട്ടച്ചിറ

Send your news and Advertisements

You may also like

error: Content is protected !!