Tuesday, May 26, 2026
Home » കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഇനി അഞ്ചുപേരിലൂടെ ജീവിക്കും.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഇനി അഞ്ചുപേരിലൂടെ ജീവിക്കും.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഇനി അഞ്ചുപേരിലൂടെ ജീവിക്കും.

by Editor

പത്തനംതിട്ട : വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിൻ എബ്രഹാം ഇനി അഞ്ചുപേരിലൂടെ ജീവിക്കും. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന ചരിത്രവും ഈ കുഞ്ഞുമാലാഖയ്ക്ക് സ്വന്തമായി. റോഡപകടത്തിൽ പരിക്കേറ്റ് മസ്‌തിഷ്‌ക മരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. അഞ്ച് പേർക്കാണ് ഇവ പുതുജീവൻ നൽകുന്നത്. അവയവദാനത്തിന് രക്ഷിതാക്കൾ സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം മാറി.

കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിന് നൽകി. (സംസ്ഥാനത്ത് കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി). ​വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്ക്. ​ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്. ​നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലെ രോഗികൾക്ക്. തീവ്രദുഖത്തിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി മാതാപിതാക്കൾ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

ഫെബ്രുവരി അഞ്ചാം തീയതി എം.സി. റോഡിലുണ്ടായ ദൗർഭാഗ്യകരമായ അപകടമാണ് ആലിന്റെ ജീവനെടുത്തത്. കോട്ടയത്തുനിന്നും തിരുവല്ലയിലേക്കുള്ള യാത്രാമധ്യേ പള്ളം ബോർമ കവലയിൽ വെച്ച് എതിർദിശയിൽ വന്ന കാർ ആലിനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻതന്നെ ചങ്ങനാശ്ശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിലും, പിന്നീട് ഏഴാം തീയതിയോടെ കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ വിദഗ്ദ്ധ ചികിത്സകൾക്കും പ്രാർത്ഥനകൾക്കും ഫലമുണ്ടായില്ല. ഫെബ്രുവരി 13-ന് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.

തങ്ങളുടെ ഏക മകൾ ഇനി മടങ്ങിവരില്ലെന്ന കടുത്ത യാഥാർത്ഥ്യത്തിനിടയിലും, അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ അരുണും ഷെറിനും എടുത്ത തീരുമാനം അക്ഷരാർത്ഥത്തിൽ നാടിനെ വിസ്മയിപ്പിച്ചു. വിധി തട്ടിയെടുത്ത പത്തുമാസം പ്രായമുള്ള ഏക മകളുടെ വേർപാടിലും, അഞ്ചുപേർക്ക് പുതുജീവൻ നൽകാൻ തീരുമാനിച്ച ഒരച്ഛന്റെയും അമ്മയുടെയും വലിയ മനസ്സിനു മുൻപിൽ ശിരസ്സ് നമിക്കുന്നു. സ്വർഗ്ഗത്തിലെ മാലാഖമാർക്കിടയിൽ ആ പിഞ്ചുപൈതൽ ഏറ്റവും തിളക്കമുള്ള നക്ഷത്രമായിരിക്കട്ടെ.

Send your news and Advertisements

You may also like

error: Content is protected !!