Tuesday, May 26, 2026
Home » ലിബറൽ പാർട്ടിയിൽ നേതൃമാറ്റം; ആംഗസ് ടെയ്‌ലർ പുതിയ അമരക്കാരൻ; സൂസൻ ലേ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു
ലിബറൽ പാർട്ടിയിൽ നേതൃമാറ്റം; ആംഗസ് ടെയ്‌ലർ പുതിയ അമരക്കാരൻ; സൂസൻ ലേ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു

ലിബറൽ പാർട്ടിയിൽ നേതൃമാറ്റം; ആംഗസ് ടെയ്‌ലർ പുതിയ അമരക്കാരൻ; സൂസൻ ലേ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു

by Editor

കാൻബറ: ഓസ്ട്രേലിയയിലെ പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിയിൽ നേതൃമാറ്റം. സൂസൻ ലേയെ പരാജയപ്പെടുത്തി ആംഗസ് ടെയ്‌ലർ പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി എം.പിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിൽ 17 നെതിരെ 34 വോട്ടുകൾ നേടിയാണ് ടെയ്‌ലർ വിജയം നേടിയത്. ജെയ്ൻ ഹ്യൂമെയെ പാർട്ടിയുടെ പുതിയ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.

ഓസ്ട്രേലിയ ആദ്യം എന്ന നയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് ചുമതലയേറ്റതിന് പിന്നാലെ ടെയ്‌ലർ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഓസ്ട്രേലിയൻ ഉൽപന്നങ്ങൾക്ക് തടസമില്ലാത്ത പ്രവേശനം ഉറപ്പാക്കുമെന്നും കർഷകർക്കും ഖനി തൊഴിലാളികൾക്കും നിർമ്മാതാക്കൾക്കും വേണ്ടി തന്റെ നേതൃത്വം നിലകൊള്ളുമെന്നും ടെയ്‌ലർ ഉറപ്പുനൽകി.

അതേസമയം നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ തോൽവി ഉറപ്പായതോടെ സൂസൻ ലേ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനയായ ലേ പരാജയത്തിൽ നിരാശയില്ലെന്നും പതിറ്റാണ്ടുകളോളം രാജ്യത്തെ സേവിക്കാൻ ലഭിച്ച അവസരത്തിൽ അഭിമാനമുണ്ടെന്നും വ്യക്തമാക്കി. ലേയുടെ രാജി പ്രഖ്യാപനത്തോടെ അവർ പ്രതിനിധീകരിച്ചിരുന്ന ന്യൂ സൗത്ത് വെയ്ൽസിലെ ‘സാറർ’ സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി.

സൂസൻ ലേയുടെ വിടവാങ്ങലോടെ ഒഴിവുവരുന്ന സീറ്റിൽ മത്സരിക്കുമെന്ന് വൺ നേഷൻ പാർട്ടി പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ പുതിയ നേതാവായ ആംഗസ് ടെയ്‌ലറുമായി ഭാവിയിൽ സഹകരിക്കാൻ തയ്യാറാണെന്ന് വൺ നേഷൻ നേതാവ് പൗളിൻ ഹാൻസൻ വ്യക്തമാക്കി. രാജ്യതാൽപര്യമുള്ള നയങ്ങൾ മുന്നോട്ടുവെച്ചാൽ ടെയ്‌ലർക്ക് പിന്തുണ നൽകുമെന്നാണ് ഹാൻസന്റെ നിലപാട്.

ലിബറൽ പാർട്ടിയുടെ പുതിയ നേതൃത്വത്തെ രൂക്ഷമായ ഭാഷയിലാണ് ട്രഷറർ ജിം ചാമേഴ്സ് വിമർശിച്ചത്. ആംഗസ് ടെയ്‌ലറുടെ വരവ് രാജ്യത്തിൻ്റെ സാമ്പത്തിക നയങ്ങളെ പിന്നോട്ടടിക്കുമെന്ന ആരോപണമാണ് ഭരണപക്ഷം ഉയർത്തുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ലിബറൽ പാർട്ടിയുടെ പുതിയ നീക്കങ്ങൾ എങ്ങനെ പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

Send your news and Advertisements

You may also like

error: Content is protected !!