പാലാ: പ്രമുഖ സാമൂഹിക പ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡിജോ കാപ്പൻ (70) അന്തരിച്ചു. കാർ അപകടത്തെത്തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. കേരളത്തിലെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ചും പൊതുജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും സാധാരണക്കാരെ ബോധവൽക്കരിക്കുന്നതിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചു. കേരളത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമം ഇത്രയേറെ ജനകീയമാക്കുന്നതിൽ ഡിജോ കാപ്പൻ വഹിച്ച പങ്ക് വളരെ വലുതാണ്. കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് നീതി ലഭ്യമാക്കാൻ പോരാടി.
വൈദ്യുതി നിരക്ക് വർദ്ധന, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയം, കൊച്ചിയിലെ മാലിന്യനീക്കം, റോഡുകളിലെ അനധികൃത പരസ്യബോർഡുകൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. റെയിൽവേ യാത്രക്കാരുടെ ദുരിതങ്ങൾക്കെതിരെയും ബസ് ചാർജ് വർധനവിനെതിരെയും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. വിവരാവകാശ നിയമംഫലപ്രദമായി വിനിയോഗിച്ച് പൊതുരംഗത്തെ അഴിമതികൾ പുറത്തു കൊണ്ടുവരുന്നതിൽ ജാഗ്രത പുലർത്തി.
പാലായിലെ പ്രശസ്‌തമായ കാപ്പൻ കുടുംബാംഗമാണ് ഡിജോ. മുൻ പാർലമെൻ്റ് അംഗമായിരുന്ന ചെറിയാൻ ജെ. കാപ്പന്റെയും മറിയാമ്മ ചെറിയാൻ്റെയും മകനാണ്. പാലാ എം.എൽ.എയും പ്രമുഖ രാഷ്ട്രീയ നേതാവുമായ മാണി സി. കാപ്പൻ സഹോദരനാണ്. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലാണെങ്കിലും കക്ഷി രാഷ്ട്രീയത്തേക്കാൾ ഉപരിയായി ജനകീയ വിഷയങ്ങളിൽ സ്വതന്ത്രമായ നിലപാടുകൾ സ്വീകരിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.
പാലാ സെന്റ് തോമസ് കോളേജിലും ചങ്ങനാശേരി എസ്.ബി കോളജിലുമായിരുന്നു ഉന്നത വിദ്യാഭ്യാസം. കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനം കെ.എസ്.സി യിലൂടെയാണ് പൊതുരംഗത്തേക്കുള്ള തുടക്കം. 1982 ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെ.എസ്.സിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്. മികച്ചൊരു വാഗ്മിയും സംഘാടകനുമായിരുന്ന ഡിജോ കോളേജ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പിന്നീട് നിയമ പഠനവും പൂർത്തിയാക്കി. തൻ്റെ നിയമ പരിജ്ഞാനം പാവപ്പെട്ടവരുടെ നീതിക്കായി പൂർണമായും വിനിയോഗിച്ചു.
കുടുംബത്തിന് കോൺഗ്രസ് രാഷ്ട്രീയവുമായി വലിയ ബന്ധമുണ്ടായിരുന്നെങ്കിലും ഡിജോ കാപ്പൻ തന്റെ സാമൂഹ്യ പ്രവർത്തനങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായ നിഷ്പക്ഷത പാലിച്ചു. സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ലളിതമായ ജീവിതശൈലിയും ഉറച്ച നിലപാടുകളും ഡിജോയെ ജനകീയ നേതാവാക്കി മാറ്റി. സംസ്കാരം പിന്നീട് നടക്കും.

