റോം: വടക്കേ ആഫ്രിക്കൻ അതിർത്തി വഴി സ്പെയിനിലേക്ക് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ അനായാസം ഒഴുകിയെത്തിയതിനെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ നയതന്ത്ര തർക്കം രൂക്ഷമാകുന്നു. സ്പെയിനിന്റെ നോർത്ത് ആഫ്രിക്കൻ പ്രദേശമായ സെവുതയിലേക്ക് (Ceuta) പതിനായിരക്കണക്കിന് അഭയാർഥികൾ അതിക്രമിച്ചുകയറിയ പശ്ചാത്തലത്തിൽ, സ്പെയിനുമായുള്ള ഷെങ്കൻ (Schengen) സ്വതന്ത്ര യാത്രാ കരാർ റദ്ദാക്കുമെന്നും അതിർത്തികളിൽ കർശന പാസ്പോർട്ട് പരിശോധന പുനസ്ഥാപിക്കുമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മുന്നറിയിപ്പ് നൽകി.
സ്പെയിനിൽ നിന്നുള്ള വിമാന, കപ്പൽ സർവീസുകൾക്ക് ഇറ്റലി ഒരു മാസത്തേക്ക് അതിർത്തി പരിശോധന ഏർപ്പെടുത്തി. സ്പെയിൻ അതിർത്തി സംരക്ഷിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കുറ്റപ്പെടുത്തി. ഒരു രാജ്യത്തിൻ്റെ അതിർത്തി സുരക്ഷയിലുണ്ടാകുന്ന ഗുരുതര വീഴ്‌ച മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ആഭ്യന്തര ഭദ്രതയെ പൂർണമായും അപകടത്തിലാക്കുമെന്ന് ഇറ്റലി ചൂണ്ടിക്കാട്ടുന്നു. 29 രാജ്യങ്ങൾ ഉൾപ്പെടുന്ന ഷെങ്കൻ കൂട്ടായ്മയിൽ ഒരു രാജ്യത്ത് പ്രവേശിക്കുന്ന കുടിയേറ്റക്കാരന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാനാകും.
അഞ്ച് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ പൗരത്വം നൽകാനുള്ള സ്പെയിനിന്റെ നീക്കം മനുഷ്യക്കടത്തുകാർക്ക് പ്രോത്സാഹനമാകുകയാണെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ആന്റോണിയോ തയാനിയും ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയും കുറ്റപ്പെടുത്തി. ഫിൻലൻഡ്, നെതർലൻഡ്സ്, ഡെന്മാർക്ക്, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ എന്നീ രാജ്യങ്ങൾ ഇറ്റലിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്‌ച വരുത്തുന്ന രാജ്യങ്ങൾക്ക് ഷെങ്കൻ കരാറിൽ തുടരാൻ അർഹതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഫിൻലൻഡ് ആഭ്യന്തര മന്ത്രി മാരി രന്താനനും ഇറ്റലിയുടെ ആവശ്യത്തിന് പിന്തുണ അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്രാൻസും സ്പെയിനുമായുള്ള തങ്ങളുടെ അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
എന്നാൽ ഇറ്റലിയുടെ വൻ വിമർശനങ്ങളെ സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് ലൂയിസ് അൽബാരസ് പൂർണമായും തള്ളിക്കളഞ്ഞു. ഇറ്റാലിയൻ ഭരണാധികാരികൾ സ്വന്തം ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്കും വോട്ട് ബാങ്കിനുമായി കുടിയേറ്റ വിഷയത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൗഹൃദ രാജ്യങ്ങളിൽ നിന്ന് രാഷ്ട്രീയ പ്രസംഗങ്ങളല്ല, മറിച്ച് പ്രതിസന്ധികളിൽ യൂറോപ്യൻ ഐക്യദാർഢ്യമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും സ്പെയിൻ വ്യക്തമാക്കി.
സ്പെയിനിന്റെ നോർത്ത് ആഫ്രിക്കൻ അതിർത്തി പ്രദേശമായ സെവുതയിലേക്ക് (Ceuta) 24 മണിക്കൂറിനുള്ളിൽ 60,000-ത്തോളം അഭയാർഥികൾ ഇരച്ചുകയറിയ ദുരന്തത്തിൽ ഇതുവരെ 57 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സെവുത അതിർത്തിയിലേക്ക് എത്തുന്നതിനായി മൊറോക്കോയിലെ ഫ്നിഡെക് (Fnideq) തീരത്തുനിന്ന് സ്പെയിൻ തീരത്തേക്ക് 5 കിലോമീറ്ററോളം കടൽ നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഭൂരിഭാഗം പേരും മുങ്ങിമരിച്ചത്. നിലവിൽ സ്പെയിൻ അതിർത്തിക്കുള്ളിൽ നിന്ന് മാത്രം 57 മൃതദേഹങ്ങളാണ് വീണ്ടെടുത്തിട്ടുള്ളത്. എന്നാൽ അതിർത്തിയുടെ മറുവശത്തുള്ള മൊറോക്കൻ തീരങ്ങളിലും കടലിലും ഇനിയും മൃതദേഹങ്ങൾ ഉണ്ടാകാമെന്ന് ആശങ്കപ്പെടുന്നു.
കടൽ മാർഗ്ഗം എത്തുന്ന അഭയാർഥികളെ ഉടൻ തന്നെ അതിർത്തി കടത്തി വിടരുത് എന്ന സ്പെയിൻ സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് മനുഷ്യക്കടത്ത് സംഘങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. “സ്പെയിൻ അതിർത്തികൾ തുറന്നിട്ടിരിക്കുന്നു” എന്ന രീതിയിൽ ഇവർ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പരത്തുകയായിരുന്നു. ഈ വ്യാജപ്രചാരണത്തിൽ വീണുപോയ പതിനായിരക്കണക്കിന് യുവാക്കളെയും കുട്ടികളെയും മനുഷ്യക്കടത്തുകാർ മരണക്കെണിയിലേക്ക് തള്ളിവിടുകയായിരുന്നു എന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. നിലവിൽ സ്പെയിൻ അതിർത്തിയിൽ കനത്ത സൈനിക വിന്യാസം ഏർപ്പെടുത്തുകയും മതിൽ കൂടുതൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന ബാക്കി അഭയാർഥികളെ വേഗത്തിൽ തിരിച്ചയക്കാനുള്ള താൽക്കാലിക കേന്ദ്രങ്ങൾ സെവുതയിൽ സ്പെയിൻ ആരംഭിച്ചിട്ടുണ്ട്.

