നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ചരിത്രപരമായ ആദ്യ വ്യക്തിഗത സ്വർണം നേടി നീരു ദണ്ഡ രാജ്യത്തിന്റെ അഭിമാനമായി മാറി. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് (Trap Shooting) വ്യക്തിഗത ഇനത്തിലാണ് ഹരിയാന സ്വദേശിയും ഇന്ത്യൻ ആർമിയിലെ നായിബ് സുബേദാറുമായ നീരു ദണ്ഡ ഈ സുവർണ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് അഞ്ച് സ്വർണ മെഡലായി. 28 പോയിന്റുമായി നീരു ഒന്നാമതെത്തിയപ്പോൾ 26 പോയിന്റുമായി ചൈനയുടെ സൺ യുനോങിനാണ് വെള്ളി. കുവൈറ്റിന്റെ ഹാജർ അബ്ദുൽ മാലിക് വെങ്കലവും നേടി.
ഈ ഗെയിംസിൽ നീരുവിന്റെ രണ്ടാം മെഡലാണിത്. ഇതേ ദിവസം രാവിലെ നടന്ന വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് ടീം ഇനത്തിൽ ആഷിമ അഹ്‌ലാവത്, മനീഷ കീർ എന്നിവർക്കൊപ്പം നീരു ഇന്ത്യയ്ക്കായി വെള്ളി മെഡലും നേടിയിരുന്നു. 328 പോയിൻ്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്‌തത്. വനിതാ വിഭാഗത്തിൽ ചൈനയാണ് സ്വർണം നേടിയത്. കുവൈറ്റ് വെങ്കലവും സ്വന്തമാക്കി. അത്ലറ്റിക്‌സിൽ നിന്നുമാത്രം മൂന്നുവീതം വെള്ളിയും വെങ്കലങ്ങളും ഇന്ത്യ നേടിയപ്പോൾ ഷൂട്ടിംഗിൽ നിന്നൊരു വെള്ളിയും കുറാഷിൽ ഒരു വെങ്കലവും കൂടി ഇന്ത്യയ്ക്ക് ഇന്നലെ ലഭിച്ചു.
മലയാളി ലോംഗ്‌ജംപിംഗ് താരം എം. ശ്രീങ്കറിനൊപ്പം ഗുൽവീർ സിംഗ് (1500 മീറ്റർ), യശ്വീർ സിംഗ് (ജാവലിൻ ത്രോ) എന്നിവരാണ് അത്ലറ്റിക്‌സിൽ വെള്ളി നേടിയത്. വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരിയും 400 മീറ്റർ ഹഡിൽസിൽ വിദ്യ രാംരാജും പുരുഷ ജാവലിനിൽ രോഹിത് യാദവും വെങ്കലങ്ങൾ നേടി. ഷൂട്ടിംഗിൽ ഇഷ സിംഗ് 25 മീറ്റർ പിസ്റ്റൾ ഇനത്തിലാണ് വെള്ളി നേടിയത്. കുറാഷിൽ പിങ്കി ബൽഹാരയാണ് വെങ്കലത്തിന് അവകാശിയായത്.
2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ചൈനയാണ് മെഡൽ പട്ടികയിൽ ഏറ്റവും മുൻപിൽ. 135 സ്വർണമടക്കം ആകെ 238 മെഡലുകളുമായി അവർ ബഹുദൂരം മുന്നിലാണ്. ആതിഥേയരായ ജപ്പാൻ രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യ നിലവിൽ 11-ാം സ്ഥാനത്താണ്. വനിതകളുടെ ക്രിക്കറ്റ്, പുരുഷ-വനിതാ കബഡി ടീമുകൾ, ഷൂട്ടിംഗിൽ നീരു ദണ്ഡ (വ്യക്തിഗതം), കമൽജീത്-സുരുചി സിങ് (മിക്സഡ് ടീം) എന്നിവരിലൂടെയാണ് ഇന്ത്യയുടെ 5 സ്വർണ നേട്ടങ്ങൾ കൈവന്നത്. അത്‌ലറ്റിക്സ് ഇനങ്ങളിൽ നിന്നാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ മെഡലുകൾ (19 എണ്ണം) ലഭിച്ചത്.
ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി.

