Wednesday, September 30, 2026
Home » തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; മൂന്ന് സീറ്റുകൾ അധികം ലഭിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; മൂന്ന് സീറ്റുകൾ അധികം ലഭിച്ചു.

by Editor

തിരുവനന്തപുരം: കേരളത്തിലെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് (LDF) നേട്ടമുണ്ടാക്കി. വോട്ടെടുപ്പിന് മുൻപ് ഉണ്ടായിരുന്ന സിറ്റിങ് സീറ്റുകളുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ എൽഡിഎഫിന് 3 സീറ്റുകൾ അധികം ലഭിച്ചു.

38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വന്റി-20 വിജയം നേടി. നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്കെടുമ്പോഴാണ് എൽഡിഎഫ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിൻ്റെ കൈവശം 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്.

എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി-20 നിലനിർത്തുകയായിരുന്നു. എൽഡിഎഫ് യുഡിഎഫിൻ്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് എൽഡിഎഫിൻ്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നു. വി.ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി.

പാലക്കാട് ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ രാജിവച്ച സീറ്റിൽ ഫോട്ടോഫിനിഷ്. എൽഡിഎഫ് യുഡിഎഫി സ്‌ഥാനാർഥികൾ 423 വോട്ടുകളോട് ഒപ്പത്തിനൊപ്പമെത്തിയതിനെ തുടർന്ന് നറുക്കെടുപ്പ്. തുളസീധരനിലൂടെ എൽഡിഎഫിന് നേട്ടം. കേരള കോൺഗ്രസിൻ്റെ വിനു ജോബ് എംഎൽഎ ആയപ്പോൾ ഒഴിവുവന്ന കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിന് നഷ്ട‌മായി. 2140 വോട്ടിനാണ് സിപിഎമ്മിൻ്റെ മഞ്ജു സുജിത് വിജയിച്ചത്. ഇടുക്കി മുട്ടം വാര്‍ഡ് 9, ചങ്ങനാശേരി കുന്നന്താനം രണ്ടാംവാര്‍ഡ്, പാലക്കാട് ശ്രീകൃഷ്ണപുരം, തൃശൂര്‍ ചേലക്കര വാര്‍ഡുകള്‍ എല്‍ഡിഎഫിന്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ടയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് വിജയിച്ചു.

രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴില്‍ യുഡിഎഫിനു കനത്ത തിരിച്ചടിയുണ്ടായി. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. ഉപതിരഞ്ഞെടുപ്പിൽ കണ്ണൂരിൽ 2 സീറ്റും എൽഡിഎഫിനാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റിൽ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 65 വോട്ടിനാണ് കെ.വി.രതീഷ് ജയിച്ചത്. കഴിഞ്ഞ തവണ 13 വോട്ടിനാണ് യുഡിഎഫ് ജയിച്ചിരുന്നത്. മട്ടന്നൂർ നഗരസഭ ഉരുവച്ചാലിൽ എ.കെ.സുരേഷ് കുമാർ 276 വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ 269 വോട്ടിനായിരുന്നു സിപിഎം ജയിച്ചിരുന്നത്.

 

Send your news and Advertisements

You may also like

error: Content is protected !!