Wednesday, September 30, 2026
Home » മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടു.
മ്യാന്മാർ

മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടു.

by Editor

ബാങ്കോക്ക്: മ്യാൻമറിലെ രാഖൈൻ (Rakhine) സംസ്ഥാനത്തുണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് 49 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമത ഗ്രൂപ്പായ അരാകൻ ആർമിയുടെ (Arakan Army) നിയന്ത്രണത്തിലുള്ള ക്യാക്ട്ടോ (Kyauktaw) പട്ടണത്തിലെ ഒരു ഹോൾസെയിൽ മാർക്കറ്റിന് സമീപമാണ് മ്യാൻമർ സൈന്യം ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയത്

പരിക്കേറ്റവരിൽ 22 പേരുടെ നില ഗുരുതരമാണെന്ന് വിമത ഗ്രൂപ്പും രക്ഷാപ്രവർത്തകരും അറിയിച്ചു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് പടിഞ്ഞാറൻ രഖൈൻ സംസ്ഥാനത്തെ ക്യാവ്‌കൗ ടൗൺഷിപ്പിൽ ആക്രമണമുണ്ടായത്. ശക്തമായ സായുധ വിമത സംഘടനയായ അരാകൻ ആർമിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്. പ്രാദേശിക വിപണിക്ക് സമീപം യുദ്ധവിമാനം രണ്ട് ബോംബുകൾ വർഷിച്ചതായാണ് അരാകൻ ആർമി ആരോപിച്ചത്.

കച്ചവടക്കാരും ഉപഭോക്താക്കളും വഴിയാത്രക്കാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് അരാകൻ ആർമി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ തിരിച്ചടി നൽകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. രഖൈനിലെ മുതിർന്ന രക്ഷാപ്രവർത്തകനായ വൈ ഹുൻ ഔങും മരണസംഖ്യ സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളും ഉപഭോക്താക്കളും എത്തുന്ന പ്രധാന മൊത്തവ്യാപാര കേന്ദ്രമാണ് ആക്രമണം നടന്ന പ്രദേശമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

2021-ലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ ഭരണകൂടത്തിനെതിരെ വിവിധ ഗോത്രവർഗ്ഗ ആയുധധാരികളും ജനാധിപത്യ അനുകൂലികളും നടത്തുന്ന ആഭ്യന്തര യുദ്ധം ശക്തമാണ്. രാഖൈൻ പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ അരാകൻ ആർമിയുടെ നിയന്ത്രണത്തിലാണ്. രഖൈൻ വംശീയ ന്യൂനപക്ഷത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് സ്വയംഭരണം ആവശ്യപ്പെടുന്ന അരാകൻ ആർമി 2023 നവംബറിൽ രഖൈനിൽ ശക്തമായ ആക്രമണം ആരംഭിച്ചിരുന്നു. തുടർന്ന് തന്ത്രപ്രധാനമായ ഒരു പ്രാദേശിക സൈനിക ആസ്ഥാനമുൾപ്പെടെ സംസ്ഥാനത്തെ 17 ടൗൺഷിപ്പുകളിൽ 14 എണ്ണവും സംഘടനയുടെ നിയന്ത്രണത്തിലായതായി റിപ്പോർട്ടുകളുണ്ട്. രഖൈനിലെ പോരാട്ടം ശക്തമായതോടെ പ്രധാന വാണിജ്യ പാതകളിൽ സൈന്യം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് മേഖലയിലെ ഭക്ഷ്യക്ഷാമം കൂടുതൽ രൂക്ഷമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഡിസംബറിൽ രഖൈനിലെ മ്രൗക്-യു ടൗൺഷിപ്പിലെ ആശുപത്രിക്ക് നേരെയുണ്ടായ സൈനിക വ്യോമാക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!