Wednesday, May 20, 2026
Home » ഗൺമാൻമാരുടെ ‘മർദ്ദനം’ അന്വേഷിക്കാൻ എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ SIT; പൊലീസിലെ ഇടത് സംഘടനാ നേതാക്കൾക്ക് സ്ഥലം മാറ്റം
ഗൺമാൻമാരുടെ 'മർദ്ദനം' അന്വേഷിക്കാൻ എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ SIT; പൊലീസിലെ ഇടത് സംഘടനാ നേതാക്കൾക്ക് സ്ഥലം മാറ്റം

ഗൺമാൻമാരുടെ ‘മർദ്ദനം’ അന്വേഷിക്കാൻ എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ SIT; പൊലീസിലെ ഇടത് സംഘടനാ നേതാക്കൾക്ക് സ്ഥലം മാറ്റം

by Editor

തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ​ഗൺമാൻമാർ‌ കെഎസ്‌യു നേതാക്കളെ മർദ്ദിച്ച സംഭവം അന്വേഷിക്കാൻ ടി പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ എസ്ഐടി (SIT) രൂപീകരിച്ച് ആഭ്യന്തര വകുപ്പ്. ആറ് പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ചതിനെ പിണറായി വിജയൻ ‘രക്ഷാ പ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. രണ്ടാഴ്ചക്കിടയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഒരു മാസത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വി.ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഇക്കാര്യത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

2023 ഡിസംബറിലാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി വന്ന ഗൺമാൻമാരായ അനിൽ കുമാറും എസ്. സന്ദീപും ആലപ്പുഴയിലെ നിയുക്ത എംഎൽഎയായ എ ഡി തോമസ് അടക്കമുള്ള പ്രതിഷേധക്കാരെപ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിൽ അനിൽ കുമാറും സന്ദീപും കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനായിരുന്നു നേരത്തെ ക്രൈം ബ്രാഞ്ച് ശ്രമിച്ചത്.

പൊലീസിലെ ഇടത് സംഘടനാ നേതാക്കൾക്ക് സ്ഥലം മാറ്റം

യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേരള പൊലീസിൽ നിർണായക അഴിച്ചുപണി. കേരള പൊലീസിലെ ഇടത് സംഘടനാ നേതാക്കൾക്ക് സ്ഥലം മാറ്റം. പ്രമുഖ ഇടത് അനുകൂല സംഘടനാ നേതാക്കളെ ക്രമസമാധാന ചുമതലയുള്ള തസ്‌തികകളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടലുകളാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സി.ആർ ബിജു എന്നിവർക്കെതിരെയാണ് ആഭ്യന്തര വകുപ്പിൻ്റെ ആദ്യ നടപടി. ആർ. പ്രശാന്തിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ സി.ഐ റാങ്കിൽ നിന്ന് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ്.എച്ച്.ഒ ആയിട്ടാണ് നിയമിച്ചത്. സി.ആർ ബിജുവിനെ കൊച്ചി സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് കൊച്ചി സിറ്റി പൊലീസിലേക്ക് താൽകാലികമായി മാറ്റി. ഇദ്ദേഹത്തിൻ്റെ സ്റ്റേഷൻ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഉടൻ തീരുമാനിക്കും. കഴിഞ്ഞ പത്ത് വർഷമായി ഇരുവരും സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ഈ കാലയളവിൽ ഇവർ പൊലീസ് യൂണിഫോം ധരിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ക്രമസമാധാന ചുമതലയുള്ള തസ്തികകളിലേക്ക് മാറ്റിയതെന്നുമാണ് വിശദീകരണം.

പൊതുസ്ഥലംമാറ്റ പട്ടികയ്ക്ക് കാത്തുനിൽക്കാതെ, പ്രത്യേക ഉത്തരവിലൂടെ സംസ്ഥാന പൊലീസ് മേധാവി ഇത്തരമൊരു നടപടി സ്വീകരിച്ചതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പൊലീസ് അസോസിയേഷൻ ആരോപിക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!