Home » ഇന്ത്യ-അമേരിക്ക വ്യാപാര കരാർ; വിപണിയിൽ വൻ കുതിച്ചുചാട്ടം.
തീരുവ

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ; വിപണിയിൽ വൻ കുതിച്ചുചാട്ടം.

by Editor
Send your news and Advertisements

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ കുറെ മാസങ്ങളായി സൃഷ്ടിച്ച അനിശ്ചിതത്വത്തിനും നിരാശക്കും ഇടയില്‍ വന്ന പ്രഖ്യാപനം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുന്നു. ഓഹരി വിപണിയുടെയും ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെയും നിക്ഷേപകരുടെയും ആവേശം സെന്‍സെക്‌സ് സൂചികയിലുണ്ട്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ സെൻസെക്സ് 2,400 പോയിന്റിലധികം ഉയർന്ന് 85,000 എന്ന റെക്കാഡ് നിലവാരത്തിലേക്ക് അടുത്തു. നിഫ്റ്റി 750 പോയിൻ്റിലധികം നേട്ടമുണ്ടാക്കി 26,300 കടന്നു.

ഓഹരി വിപണിയിലെ പുതിയ മാറ്റം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.2 ശതമാനം വർധിച്ച് 90.40 എന്ന നിലയിലെത്തി. 2022 നവംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും മികച്ച മുന്നേറ്റമാണിത്. കേന്ദ്ര ബജറ്റിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ‌സ് (എസ്‌ടിടി) വർധിപ്പിച്ചത് നിക്ഷേപകരെ ആശങ്കയിലാക്കിയിരുന്നു. അന്ന് വിപണിയിൽ ഏകദേശം പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപക ആസ്തിയാണ് ഇല്ലാതായത്. എന്നാൽ പുതിയ വ്യാപാര കരാർ നഷ്‌ടങ്ങളെ മറികടക്കാൻ വിപണിയെ സഹായിച്ചു.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് സുപ്രധാന കരാർ ഉണ്ടായത്. ഇളവ് മോദി സ്വാഗതം ചെയ്തെന്നും മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ഇന്ത്യ-യു.എസ് വ്യാപാരക്കരാറിന് ധാരണയായെന്നും ട്രംപ് അറിയിച്ചു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചെന്നതാണ് കരാറിലെ ഏറ്റവും വലിയ നേട്ടം. ഇതിനുപകരമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യു.എസിൽ നിന്ന് കൂടുതൽ ഉൽപന്നങ്ങൾ വാങ്ങുകയും ചെയ്യും എന്നാണ് ട്രംപ് പറഞ്ഞത്. യു.എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ തീരുവ പൂർണമായും ഒഴിവാക്കുമെന്നും റിപ്പോർട്ടുണ്ട്. റഷ്യൻ എണ്ണയുടെ പേരിൽ ചുമത്തിയ 25 ശതമാനം അധിക തീരുവയും നീക്കുമെന്ന് വൈറ്റ്ഹൗസ് അധികൃതർ പറഞ്ഞു.

അതേസമയം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന ട്രംപിൻ്റെ അവകാശവാദത്തോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും മോദിയുമായി സംസാരിച്ചെന്നും റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്താമെന്ന് മോദി അറിയിച്ചെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. എന്നാൽ ട്രംപ് കഴിഞ്ഞ രാത്രി നടത്തിയ വ്യാപാര പ്രഖ്യാപനത്തിലെ യഥാര്‍ഥ ഉള്ളടക്കം മുഴുവന്‍ പുറത്തു വന്നിട്ടില്ല. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ വിശദമായ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

യുഎസുമായുള്ള വ്യാപാര കരാര്‍ ദീര്‍ഘകാലത്തെ ക്ഷമയുടെ ഫലമാണെന്നും താരിഫ് ചര്‍ച്ചകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ രാജ്യത്തിന് അനുകൂലമായ ഫലത്തിലെത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ന് (ചൊവ്വാഴ്ച) ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര ഇടപാട് അനുകൂലമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിച്ചതായും ആഗോള വ്യാപാര ചര്‍ച്ചകളോടുള്ള സര്‍ക്കാരിന്റെ സ്ഥിരവും അളന്നുമുള്ള സമീപനത്തെ പ്രതിഫലിക്കുന്നതായും മോദി പറഞ്ഞു. ‘ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണ്, അതിന്റെ ഗതി ഇന്ത്യയിലേക്ക് കൂടുതല്‍ ചായുകയാണ്. വിവിധ ആഗോള വേദികളില്‍ താന്‍ ഇത് പറഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലും വ്യാപാര പിരിമുറുക്കങ്ങള്‍ക്കിടയിലും ഇന്ത്യ പ്രയോജനം നേടുന്നത് ഇന്ന് നമ്മള്‍ കാണുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മോദി ട്രംപിന് കീഴടങ്ങിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്; മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു

You may also like

error: Content is protected !!