റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി പ്രവിശ്യയായ നജ്‌റാനിൽ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ പ്രവാസികളടക്കം പതിനൊന്ന് പേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയും നാല് വയസുകാരനുമുൾപ്പെടെ ഏഴ് സൗദി പൗരന്മാർക്കും രണ്ട് ഈജിപ്‌ത് സ്വദേശികൾക്കും ഒരു പാക്കിസ്ഥാനിക്കും ഒരു യെമനിക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.
ഇറാൻ റെവല്യൂഷനറി ഗാർഡിൻ്റെ സഹകരണത്തോടെ ഹൂതികളും ഇറാഖിലെ ഇറാൻ അനുകൂല സംഘടനകളും ചേർന്ന് സൗദി അറേബ്യയിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ഇൻ്റലിജൻസ് റിപ്പോർട്ടുണ്ട്. ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഈ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി സഖ്യസേന കുറ്റപ്പെടുത്തി. സിവിലിയന്മാരെ സംരക്ഷിക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്നും അവർ വ്യക്തമാക്കി.
ഇതിനിടെ യെമനിലെ ഹദ്റമൗത്, മാരിബ് മേഖലകളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 17 യെമനി സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയുധക്കടത്ത് തടയുന്ന സേനാവിഭാഗത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഒരു ദശാബ്ദത്തിലേറെയായി സൗദി അറേബ്യയും ഹൂതികളും യെമൻ്റെ നിയന്ത്രണത്തിനായി പരസ്പരം പോരാടുകയാണ്. കഴിഞ്ഞ ഒരു മാസമായി സൗദി അരാംകോ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ഹൂതികൾ ആക്രമണം കടുപ്പിക്കുകയും ചെയ്തു. യെമൻ്റെ തലസ്ഥാനമായ സനയും ചെങ്കടൽ തീരപ്രദേശത്തിൻ്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതി പ്രസ്ഥാനം കഴിഞ്ഞ മാസം ചെങ്കടലിൽ സൗദി അറേബ്യയ്ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ചെങ്കടലിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി യെമൻ സൈന്യം, കപ്പൽ മുങ്ങി.

