Friday, August 7, 2026
Home » ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നു; അസമിൽ മാത്രം മരണം 97 ആയി.
ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നു; അസമിൽ മാത്രം മരണം 97 ആയി.

ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നു; അസമിൽ മാത്രം മരണം 97 ആയി.

by Editor

ന്യൂ ഡൽഹി: ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിൽ പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായി. തുടർച്ചയായ പ്രളയത്തിലും കനത്ത മഴക്കെടുതികളിലും പെട്ട് അസമിൽ മാത്രം മരണം 97 ആയി ഉയർന്നു. ഉത്തരാഖണ്ഡിൽ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു. ഡൽഹിയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെയാണ് മരണസംഖ്യ 97 ആയി ഉയർന്നത്. ബ്രഹ്മപുത്രയും അനുബന്ധ നദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുകയാണ്. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതോടെ സാധാരണ ജീവിതം താറുമാറായി.

ഉത്തരാഖണ്ഡിലെ മലയോര മേഖലകളിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. രുദ്രപ്രയാഗ് മേഖലയിലെ നദീതീരങ്ങളിലുള്ള ക്ഷേത്രങ്ങളും നിരവധി കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. തിൽവാരയ്ക്ക് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണമായും നിലച്ചു. ഇതോടെ കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. തീർഥാടകരോടും പ്രദേശവാസികളോടും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും കൺട്രോൾ റൂമുകളും അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.

ദേശീയ തലസ്ഥാനമായ ഡൽഹി, നോയിഡ, ഫരീദാബാദ് മേഖലകളിൽ കനത്ത മഴ തുടരുന്നതിനാൽ റെഡ്/ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായതോടെ കനത്ത ട്രാഫിക് ബ്ലോക്കും അനുഭവപ്പെടുന്നു. വടക്കൻ ഡൽഹിയിലെ ജഗത്പൂരിൽ വെള്ളക്കെട്ടിനിടയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾ ഓടയിൽ വീണെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കപ്പെട്ടു. ബിജ്വാസനിൽ കഴിഞ്ഞ ദിവസം ഓടയിൽ വീണ് കാണാതായ വ്യക്തിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലും കനത്ത മഴയെ തുടർന്ന് വ്യാപക മണ്ണിടിച്ചിലുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലും കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീർത്ഥാടകരോടും മലയോര മേഖലകളിൽ താമസിക്കുന്നവരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ദുരന്തനിവാരണ സേന നിർദ്ദേശം നൽകിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!