ന്യൂഡൽഹി: ബോഫോഴ്‌സ് അഴിമതിക്കേസിലെ അവശേഷിച്ച അവസാന അപ്പീലും തള്ളിക്കൊണ്ട് സുപ്രീം കോടതി നാല് പതിറ്റാണ്ട് നീണ്ട നിയമനടപടികൾക്ക് ഔദ്യോഗികമായി അന്ത്യം കുറിച്ചു. ഹിന്ദുജാ സഹോദരന്മാർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ 2005-ലെ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി നിരസിച്ചത്. ഇതോടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ പഴികൾ കേട്ട വിവാദ കേസിന് പരിസമാപ്‌തിയായി.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റി വെക്കാനുള്ള ആവശ്യം നിരസിക്കുകയും കൂടുതൽ വാദങ്ങൾ കേൾക്കാൻ തയ്യാറാകാതെ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷകൻ അജയ് കെ. അഗർവാൾ നൽകിയ ഹർജി തള്ളുകയുമായിരുന്നു. ഈ കേസിലെ പ്രധാന പ്രതികളായിരുന്ന ശ്രീചന്ദ് പി. ഹിന്ദുജ, ഗോപിചന്ദ് പി. ഹിന്ദുജ എന്നിവർ മരണപ്പെട്ട സാഹചര്യത്തിൽ, കേസ് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് മാറ്റിവെക്കണമെന്ന ഹർജിക്കാരന്റെ ആവശ്യവും ബെഞ്ച് നിരാകരിച്ചു.
2005 മെയ് 31-ന് ഡൽഹി ഹൈക്കോടതി ഹിന്ദുജാ സഹോദരന്മാരെയും ബോഫോഴ്‌സ് കമ്പനിയെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീൽ, 4,522 ദിവസത്തെ വലിയ കാലതാമസം ചൂണ്ടിക്കാട്ടി 2018 നവംബറിൽ സുപ്രീം കോടതി നേരത്തെ തന്നെ തള്ളിയിരുന്നതാണ്.
1986-ൽ ഇന്ത്യൻ സർക്കാരും സ്വീഡനിലെ എ.ബി ബോഫോഴ്‌സ് കമ്പനിയും തമ്മിൽ 1,437 കോടി രൂപയുടെ ഹൊവിറ്റ്സർ തോക്കുകൾ വാങ്ങുന്നതിനായി ഒപ്പുവെച്ച കരാറാണ് കേസിനാസ്‌പദം. ഈ ഇടപാടിൽ ഇടനിലക്കാർക്കും രാഷ്ട്രീയക്കാർക്കും 64 കോടി രൂപ കോഴയായി ലഭിച്ചുവെന്ന ആരോപണമാണ് ഉയർന്നത്. 1980 -കളുടെ അവസാനത്തിൽ ഉയർന്നുവന്ന ഈ അഴിമതി ആരോപണം അന്നത്തെ രാജീവ് ഗാന്ധി സർക്കാരിനെ ഉലയ്ക്കുകയും 1989 -ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ തോൽവിക്ക് പ്രധാന കാരണമാവുകയും ചെയ്‌തിരുന്നു.

