അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന തട്ടിപ്പ് ആരോപണത്തെത്തുടർന്ന് ക്ഷേത്രത്തിന്റെ ദൈനംദിന ഭരണ ചുമതല അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് (DM) ഏറ്റെടുത്തു. ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളി, പണം എന്നിവയിൽ വൻ ക്രമക്കേട് നടന്നെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ. നിലവിലുണ്ടായിരുന്ന ട്രസ്റ്റിന്റെ ദൈനംദിന ഭരണപരമായ അധികാരങ്ങൾ താൽക്കാലികമായി നിയന്ത്രിച്ചാണ് ജില്ലാ മജിസ്‌ട്രേറ്റിന് ചുമതല നൽകിയിരിക്കുന്നത്.
സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് യുപി സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. ഇതിനിടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ധർമ്മസേന പ്രധാനമന്ത്രിക്ക് കത്തയച്ചു.
ലഖ്‌നൗ ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) നിലവിൽ ഈ തട്ടിപ്പ് അന്വേഷിക്കുന്നത്. പണം എണ്ണുന്ന ചുമതലയിലുണ്ടായിരുന്ന 40 ഓളം ജീവനക്കാരെ അടിയന്തരമായി മാറ്റിനിർത്തി. സംശയമുള്ള ചില ജീവനക്കാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കാണിക്ക എണ്ണുന്നതിലും മാറ്റം വരുത്തി. മേശയിൽ വച്ച് പണം എണ്ണരുത്. തറയിൽ പരവതാനി വിരിച്ച് അതിൽ പണം എണ്ണണം. ഭണ്ഡാരത്തിൽ നിന്ന് പണം മാറ്റുമ്പോഴും എണ്ണുമ്പോഴും വീഡിയോ നിർബന്ധമായും ചിത്രീകരിക്കണം. ഇതിനൊപ്പം തന്നെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പണം എണ്ണുന്ന മുറിയിലെ സി സി ടി വി ക്യാമറകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ക്ഷേത്രത്തിലെ കഴിഞ്ഞ 5 വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് ചെയ്യാനും എസ്‌ഐടി ശുപാർശ ചെയ്തിട്ടുണ്ട്.
പണം എണ്ണുന്ന മുറികളിലെ സിസിടിവി ക്യാമറകൾക്ക് മുന്നിൽ ജീവനക്കാർ ബോധപൂർവ്വം നിലയുറപ്പിച്ച് തടസ്സം സൃഷ്ടിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭാവനപ്പണം എണ്ണുന്ന ജീവനക്കാരെ കൃത്യമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നില്ല. തിരിച്ചറിയൽ കാർഡുകൾ ധരിച്ചിരുന്നതിനാൽ പലരെയും പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ക്ഷേത്ര സമുച്ചയത്തിലെ സംഭാവന പെട്ടികളിൽ നിന്നും പണം ട്രസ്റ്റ് ഓഫീസിലേക്കും, അവിടെ നിന്ന് ബാങ്കുകളിലേക്കും മാറ്റുന്ന ഘട്ടങ്ങളിൽ കടുത്ത അശ്രദ്ധയും സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടുണ്ട്, ശേഖരിക്കുന്ന പണം കൃത്യസമയത്ത് ബാങ്കിൽ നിക്ഷേപിക്കുന്നതിൽ വലിയ വീഴ്ചകൾ വരുത്തിയതായി ഫിനാൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി.
കേസിലെ തെളിവ് ശേഖരണം ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ ശാസ്ത്രീയ-ഫോറൻസിക് പരിശോധനകൾക്ക് ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. അതേസമയം രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐ (CBI) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

