ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് (flydubai FZ1073) വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി സഹപൈലറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഒമാൻ പൗരനായ ഹമാം അൽഹമാമി (Hamam Alhamami / Hamam al-Hammami) എന്നാണ് ഇയാളുടെ പേര്. യു.എ.ഇയിൽ ഒമാനി പിതാവിനും സിറിയൻ മാതാവിനുമാണ് ഇയാൾ ജനിച്ചത്.
കടുത്ത തീവ്രവാദ സ്വഭാവമുള്ള വെബ്സൈറ്റുകൾ സന്ദർശിച്ചതിന്റെ പേരിലും സുരക്ഷാ ഭീഷണിയായതിനാലും 2024-ൽ ഒമാൻ എയർ (Oman Air) ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഇയാൾ ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ തീവ്ര നിലപാടുകളുള്ള വ്യക്തിയായിരുന്നുവെന്ന് സാമൂഹിക മാധ്യമ അക്കൌണ്ടുകളിലെ പോസ്റ്റുകൾ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ എയറിൽ ആയിരിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് ജോലിയിൽ നിന്ന് ഇയാളെ മാറ്റിയിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇയാൾ ജോലി ഉപേക്ഷിച്ചുപോയി. അതിനു ശേഷമാണ് റോയൽ എയർ മൊറോക്കോയിൽ ചേർന്നത്.
ഫ്ലൈ ദുബായിൽ എത്തിയിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ. സൗദി അധികൃതരും ഇസ്രയേലി ഉദ്യോഗസ്ഥരും അക്രമിയെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്തായിരുന്നു ഇയാളുടെ ലക്ഷ്യം എന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇത്രയും വലിയ തീവ്രവാദ പശ്ചാത്തലമുള്ള ഒരാൾക്ക് യു.എ.ഇയിൽ എങ്ങനെ വീണ്ടും വിമാനം പറത്താനുള്ള ക്ലിയറൻസ് ലഭിച്ചു എന്നതിനെക്കുറിച്ച് യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി അതീവ ഗൗരവത്തോടെയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ പ്രധാന പൈലറ്റായ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം, വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് ഇസ്രയേലിൽ തകർക്കാനായിരുന്നു ഇയാളുടെ ലക്ഷ്യം. ഇയാൾക്ക് കടുത്ത ഇസ്ലാമിക് തീവ്രവാദ നിലപാടുകൾ ഉണ്ടായിരുന്നുവെന്നും, സാമൂഹിക മാധ്യമങ്ങളിൽ യഹൂദരെ വധിക്കണം എന്നതുൾപ്പെടെയുള്ള വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചിരുന്നതായും ഇസ്രയേൽ വ്യക്തമാക്കുന്നു. ആക്രമണത്തിനിടെ ‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ’ എന്ന് ഇയാൾ വിമാന ജീവനക്കാരോട് വിളിച്ചുപറഞ്ഞിരുന്നതായും, ഇയാൾക്ക് ആത്മഹത്യാ പ്രേരണയുണ്ടായിരുന്നതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു.
ഫ്ലൈറ്റ് ഡാറ്റ അനുസരിച്ച്, വിമാനം കോക്പിറ്റിൽ വെച്ച് അക്രമി അട്ടിമറിക്കാൻ ശ്രമിച്ച സമയത്ത് അത് 34,000 അടി ഉയരത്തിൽ നിന്നും വെറും 30 സെക്കൻഡിൽ താഴെ സമയം കൊണ്ട് ഏകദേശം 14,000 അടിയോളം കുത്തനെ താഴേക്ക് പതിക്കുകയുണ്ടായി. പരിക്കേറ്റിട്ടും ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ വാതിൽ തുറന്നതിനാൽ മാത്രമാണ് യാത്രക്കാർക്ക് അകത്തുകയറി ഇയാളെ നിയന്ത്രിക്കാൻ കഴിഞ്ഞത്.
അക്രമി ഹമാം അൽഹമാമിയുടെ പേരിലുള്ള ലിങ്ക്ഡ്ഇൻ (LinkedIn), ഇൻസ്റ്റാഗ്രാം (Instagram) അക്കൗണ്ടുകളിൽ നിന്ന് ഈ അക്രമണം നടന്ന് ഏകദേശം 9 മണിക്കൂറുകൾക്ക് ശേഷം രണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നതായി മാധ്യമങ്ങൾ കണ്ടെത്തുകയുണ്ടായി. ഇത് ഇയാൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്തു വെച്ചതാണോ അതോ ഈ ഭീകരാക്രമണത്തിന് പിന്നിൽ പുറത്തുനിന്ന് പ്രവർത്തിച്ച മറ്റാരെങ്കിലും അക്കൗണ്ടുകൾ കൈകാര്യം ചെയ്തതാണോ എന്ന് അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
സംഭവത്തെ ഒരു ‘ഭീകരപ്രവർത്തനം’ (Terrorist act) ആയിത്തന്നെയാണ് യു.എ.ഇ ഔദ്യോഗികമായി കണക്കാക്കുന്നത്. ഇയാൾക്ക് ഏതെങ്കിലും ആഗോള ഭീകരസംഘടനകളുമായി നേരിട്ട് ബന്ധമുണ്ടോ, ആക്രമണത്തിന് ആരെങ്കിലും ഫണ്ടിങ്ങോ നിർദ്ദേശങ്ങളോ നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ യു.എ.ഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളും യു.എ.ഇയുമായി വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്.

