വെൺമേഘങ്ങൾക്കിടയിലൂടെ, അനന്തമായ നീലാകാശത്തെ തഴുകി, ചിറകുകളിൽ സ്വപ്നങ്ങളും കോരിത്തരിപ്പിക്കുന്ന പ്രതീക്ഷകളുമായി ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് FZ 1073 വിമാനം… അതിനുള്ളിലെ നൂറിലേറെ യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ആ സന്തോഷത്തിന് ഏതാനും മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നായിരുന്നു എല്ലാം മാറിമറിഞ്ഞത്. കോക്ക്പിറ്റിൽ നിന്നെത്തിയ ആ ദുരന്തസൂചന, വിമാനത്തിനുള്ളിലെ ശാന്തതയ്ക്ക് അന്ത്യം കുറിച്ചു.
വെറുമൊരു മനുഷ്യന്റെ വികൃതമായ മാനസികാവസ്ഥയുടെയും അഹങ്കാരത്തിന്റെയും ഫലമായി, സഹയാത്രക്കാരുടെയും ജീവനുവേണ്ടി പ്രവർത്തിച്ചിരുന്ന ക്രൂ അംഗങ്ങളുടെയും ജീവൻ പോലും പണയപ്പെടുത്തിയ ക്രൂരമായ ഒരു തീരുമാനം! 34,000 അടി ഉയരത്തിൽ നിന്ന് വെറും മിനിറ്റുകൾക്കകം 17,000 അടിയിലേക്ക് വിമാനം കുത്തനെ താഴേക്ക് പതിച്ചപ്പോൾ, മരണത്തെ മുഖാമുഖം കണ്ട നൂറിലേറെ മനുഷ്യരുടെ ആത്മാവിൽ നിന്നുയർന്നത് ആകാശത്തെപ്പോലും നടുക്കുന്ന നിലവിളിയായിരുന്നു.
അവിടെ മരണത്തിന്റെ തണുത്ത നിഴൽ വീണു. വിമാനം കുത്തനെ താഴേക്ക് പതിച്ചതോടെ, തലയ്ക്കു മുകളിലെ ബാഗേജ് ബിന്നുകൾ തുറന്ന് ഹാൻഡ് ബാഗുകളും ക്യാബിൻ ബാഗേജുകളും യാത്രക്കാർക്കിടയിലേക്ക് തെറിച്ചുവീണു. മാതാപിതാക്കൾ തങ്ങളുടെ പിഞ്ചുമക്കളെ നെഞ്ചോട് ചേർത്ത് അലറിക്കരഞ്ഞു. ചിലർ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ അവസാനമായി മനസ്സിൽ ഓർത്ത് കണ്ണുകൾ ഇറുകെ അടച്ചു.
ആ നിമിഷങ്ങളിൽ വിമാനത്തിനുള്ളിൽ ഉയർന്നത് ശ്വാസം മുട്ടുന്ന മനുഷ്യജീവന്റെ നിലവിളിയായിരുന്നു. ഒരു മനുഷ്യൻ കോക്ക്പിറ്റിൽ എടുത്ത സ്വാർത്ഥമായ ഒരു തീരുമാനത്തിന്, നൂറുകണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ ഒരു നിമിഷംകൊണ്ട് മരണത്തിന്റെ വക്കിലെത്തിക്കാൻ കഴിയുമായിരുന്നു എന്ന ഭീകരമായ തിരിച്ചറിവായിരുന്നു അത്. എന്നാൽ, ആ ഇരുണ്ട ആകാശത്ത് പ്രത്യാശയുടെ ഒരു ചെറിയ വെളിച്ചം പടർന്നു; ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ എന്ന ധീരനായ പൈലറ്റിന്റെ രൂപത്തിൽ!
ശരീരത്തിൽ കത്തിക്കുത്തേറ്റ്, ചോര വാർന്നു കിടക്കുമ്പോഴും ആ മനുഷ്യൻ അനുഭവിച്ച വേദന എത്ര വലുതായിരിക്കും? പക്ഷേ, ആ വേദനയേക്കാൾ വലുതായിരുന്നു അദ്ദേഹത്തിന് ആ നൂറിലേറെ യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവൻ. സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പുള്ളപ്പോഴും, അവസാനത്തെ ശ്വാസത്തിലും അദ്ദേഹം പൊരുതി. രക്തത്തിൽ കുതിർന്ന കൈകൾകൊണ്ട് കോക്ക്പിറ്റ് വാതിൽ തുറക്കാൻ അദ്ദേഹം നടത്തിയ ആ അവസാന ശ്രമം – അതൊരു ചരിത്രമായിരുന്നു; മനുഷ്യസ്നേഹത്തിന്റെ അപൂർവ്വമായ ഏട് ! ആ വാതിൽ തുറക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ആ വിമാനം ഇന്നൊരു വലിയ ചാരക്കൂമ്പാരമായി മാറുമായിരുന്നു.
ഇതുപോലൊരു വാതിൽ തുറക്കൽ ലോക ചരിത്രത്തിൽ വേറെയുണ്ടായിട്ടുണ്ടാകില്ല. കാരണം, കേവലം ഒരു മുറിയുടെ വാതിലായിരുന്നില്ല അത്; നൂറിലേറെ മനുഷ്യരുടെ നിലയ്ക്കാത്ത ജീവിതത്തിലേക്കും അവരുടെ നാളുകളിലേക്കുമാണ് അദ്ദേഹം ആ വാതിൽ തുറന്നിട്ടത്…!
അവിടെ തീർന്നില്ല അത്ഭുതം. ആ ദുരന്തത്തിന്റെ നടുവിൽപ്പെട്ട കോക്ക്പിറ്റിലേക്ക്, ദൈവത്തിന്റെ ദൂതരെപ്പോലെ, യാത്രക്കാരുടെ നിരയിൽ നിന്നുതന്നെ ചിലർ എത്തി – അതേ വിമാനത്തിൽ യാത്രക്കാരായി ഒപ്പമുണ്ടായിരുന്ന ഓഫ്-ഡ്യൂട്ടി പൈലറ്റുമാരും ക്രൂ അംഗങ്ങളും!
ആ ഭീകര നിമിഷത്തിൽ സ്വന്തം ജീവൻ പോലും മറന്ന് കോക്ക്പിറ്റിലേക്ക് ഓടിയെത്തിയ യാനിവ് ഹയൂൺ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ധൈര്യവും ഇടപെടലും നിർണായകമായി. ആക്രമിച്ച കോ-പൈലറ്റിനെ കീഴ്പ്പെടുത്തിയ ശേഷം, വിമാനം നിയന്ത്രണത്തിലാക്കാൻ ഹയൂൺ സഹായിച്ചു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഓഫ്-ഡ്യൂട്ടി പൈലറ്റുമാരും റിസർവ് ക്രൂ അംഗങ്ങളും നിയന്ത്രണം ഏറ്റെടുത്തു. ഒടുവിൽ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.
സ്വന്തം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും മറ്റുള്ള നൂറുകണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കോക്ക്പിറ്റിലേക്ക് ഓടിയെത്തിയ ആ മനുഷ്യരുടെ ധൈര്യം, ആ ദുരന്തനിമിഷത്തിലെ അപൂർവമായ മനുഷ്യസാഹസത്തിന്റെ ഉദാഹരണമായി മാറി.
തളർന്നുവീണ പൈലറ്റിന് താങ്ങായി, മരണത്തിന്റെ വക്കിൽ നിന്ന് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച്, ഒടുവിൽ തബൂക്കിന്റെ മണ്ണിൽ ആ വലിയ വിമാനം സുരക്ഷിതമായി ഇറക്കിയപ്പോൾ – അത് ഒരു അതിജീവനത്തിന്റെ നിമിഷം മാത്രമായിരുന്നില്ല; മരണത്തിന്റെ വക്കിൽ നിന്ന് മനുഷ്യജീവിതങ്ങൾ തിരിച്ചുപിടിച്ച ഒരു അത്ഭുത നിമിഷം കൂടിയായിരുന്നു.
ആ ചെറിയ വിമാനത്തിനുള്ളിൽ തകർന്നുപോയേക്കാമായിരുന്നത് ആ നൂറിലേറെ യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവിതങ്ങൾ മാത്രമായിരുന്നില്ല; എത്രയോ കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. അതെല്ലാം ഒഴിവാക്കാൻ വഴിയൊരുക്കിയത്, സ്വന്തം ജീവൻ പോലും പണയംവെച്ച് പൊരുതിയ ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെയും, അദ്ദേഹം തുറന്ന വാതിലിലൂടെ കോക്ക്പിറ്റിലേക്ക് എത്തിയ യാത്രക്കാരുടെയും ഓഫ്-ഡ്യൂട്ടി പൈലറ്റുമാരുടെയും ക്രൂ അംഗങ്ങളുടെയും അസാധാരണമായ ധൈര്യവും നിർണായകമായ ഇടപെടലുമായിരുന്നു.
ആകാശത്തിന്റെ നെഞ്ചിൽ മരണത്തെ അതിജീവിച്ച് മനുഷ്യജീവിതം നേടിയ ആ വിജയം, വിമാന ദുരന്തങ്ങളുടെ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒരു അപൂർവ അധ്യായമായി മാറും.
ഒരു നിമിഷത്തെ ഭ്രാന്തമായ തീരുമാനത്തിന് മുന്നിൽ നിസ്സഹായരായി മാറിയ ആ പച്ചയായ മനുഷ്യർ നേരിട്ട മരണവേദനയ്ക്കും കണ്ണീരിനും മുന്നിൽ, വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കാൻ കഴിയാതെ നമ്മളും നിസ്സഹായരായി പോകുന്നു.വിമാനം അപകടത്തിലാക്കി മനുഷ്യജീവനുകൾക്ക് നേരെ മരണഭീഷണി ഉയർത്തിയ ആ പൈലറ്റ് വെറുമൊരു ഭീകരനല്ല; മനുഷ്യനെന്ന വാക്കിനുപോലും അപമാനമാകുന്ന സമാനതകളില്ലാത്ത കൊടുംക്രൂരതയുടെ പ്രതിരൂപമായിരുന്നു.
കഴിഞ്ഞകാല സംഭവങ്ങൾ വിലയിരുത്തുമ്പോൾ, അതിലും ഭീകരമായ മറ്റൊരു സത്യം കൂടിയുണ്ട്. ഒരുപക്ഷേ, നിർഭാഗ്യവശാൽ ആ വിമാനം തകർന്നിരുന്നെങ്കിൽ… അതിലുണ്ടായിരുന്ന നൂറിലേറെ യാത്രക്കാരും ക്രൂ അംഗങ്ങളും മരണപ്പെട്ടിരുന്നെങ്കിൽ… ആ ദുരന്തത്തിന്റെ ആദ്യ നിമിഷങ്ങളിൽ ലോകം മുഴുവൻ വിരൽചൂണ്ടിയിരിക്കുക കുത്തേറ്റും അവസാന നിമിഷം വരെ വിമാനത്തെ രക്ഷിക്കാൻ പോരാടിയിരുന്ന ആ ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ നേർക്കായിരുന്നേനെ!
സത്യം പുറത്തുവരുന്നതിന് മുമ്പ്, അന്വേഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ്, കോക്ക്പിറ്റിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ലോകം അറിയുന്നതിന് മുമ്പ് തന്നെ, “വിമാനം തകർത്ത പൈലറ്റ്” എന്ന പേരിൽ അദ്ദേഹം കുറ്റക്കാരനായി മുദ്രകുത്തപ്പെട്ടേനെ. അങ്ങനെയൊരു സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദന എത്രമാത്രം ഭീകരമായിരുന്നേനെ എന്ന് ചിന്തിക്കുമ്പോൾ തന്നെ മനസ്സ് വിതുമ്പുന്നു. നൂറിലേറെ യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും കുടുംബങ്ങൾ അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖത്തിൽ തകർന്നുപോകുമ്പോൾ, ഒരു തെറ്റും ചെയ്യാത്ത ആ മനുഷ്യന്റെ കുടുംബം – ലോകം മുഴുവൻ ക്രൂരനെന്ന് കുറ്റപ്പെടുത്തിയ ഒരാളുടെ കുടുംബം – ഒരേസമയം ഭർത്താവിനെയും അച്ഛനെയും മകനേയും നഷ്ടപ്പെട്ട വേദനയോടൊപ്പം, അദ്ദേഹത്തിന്റെ സത്യവും മാനവും സംരക്ഷിക്കാനുള്ള തീഷ്ണമായ പോരാട്ടത്തെയും കൂടി നേരിടേണ്ടിവന്നേനെ.
എങ്കിലും, ആകാശത്തിന്റെ ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ആ നൂറിലേറെ മനുഷ്യരുടെ കണ്ണുകളിൽ ഇന്ന് ഒരു പുതിയ വെളിച്ചമുണ്ട്… ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ എന്ന ധീരനായ പൈലറ്റിന് അവരുടെ കുടുംബത്തിന്റെ വിശുദ്ധമായ ആത്മാർത്ഥമായ പ്രാർത്ഥനയുണ്ട്… ലോകം മുഴുവനും ഉള്ള നിസ്വാർത്ഥരായവരുടെ പ്രാർത്ഥനയുണ്ട്… മരണത്തിന്റെ വക്കിൽ നിന്ന് തിരികെക്കിട്ടിയ ഓരോ നിമിഷവും അവർക്കുമിനി പുനർജന്മമാണ്.
തകർന്നുപോകേണ്ടിയിരുന്ന നൂറുകണക്കിന് സ്വപ്നങ്ങളെയും പ്രതീക്ഷകളെയും നെഞ്ചോടു ചേർത്ത്, തന്നെപ്പോലെയുള്ള മനുഷ്യരുടെ ജീവനുവേണ്ടി ചോരപ്പുഴയിൽ പൊരുതിയ ആ ധീരനായ സഹപൈലറ്റിന്റെ പേര് ലോകം ഒരിക്കലും മറക്കില്ല.
ഇരുണ്ട മേഘങ്ങൾ എത്ര തന്നെ മൂടിനിന്നാലും, അതിനപ്പുറം ജീവന്റെ സ്പന്ദനവുമായി കാത്തിരിക്കുന്ന പ്രഭാതങ്ങളുണ്ടെന്ന് ആകാശത്തിന്റെ ആ വലിയ യാത്ര ലോകത്തെ ഒരിക്കൽക്കൂടി പഠിപ്പിച്ചു കടന്നുപോയിരിക്കുന്നു.
-ജോയ് കെ. മാത്യു

