ന്യൂ ഡൽഹി: ഫോബ്‌സ് ഇന്ത്യ 2026-ലെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 9.2 ബില്യൺ ഡോളർ (ഏകദേശം 88,614 കോടി രൂപ) ആസ്തിയോടെ ദേശീയതലത്തിൽ 24-ാം സ്ഥാനത്തുള്ള മുത്തൂറ്റ് കുടുംബമാണ് മലയാളികളിൽ ഏറ്റവും മുന്നിലുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.7 ബില്യൺ ഡോളറിന്റെ വർദ്ധനവോടെയാണ് ഗൗതം അദാനിയും കുടുംബവും (112.7 ബില്യൺ ഡോളർ) ഒന്നാമതെത്തിയത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് അദാനിയും കുടുംബവും ഒന്നാമതെത്തിയത്. മുകേഷ് അംബാനിയുടെ ആസ്തി 86.3 ബില്യൻ (8.31 ലക്ഷം കോടി രൂപ) -യാണ്. ജെഎസ്ഡബ്ല്യു സ്‌റ്റീൽ, ജെഎസ്‌ഡബ്ല്യു സിമൻ്റ്, ജെഎസ്‌ഡബ്ല്യു പെയിന്റ് എന്നിവയുടെ മാതൃസ്‌ഥാപനമായ ഒ.പി.ജിൻഡാൽ ഗ്രൂപ്പിൻ്റെ മേധാവി സാവിത്രി ജിൻഡാലും കുടുംബവുമാണ് മൂന്നാമത്; ആസ്‌തി 39.8 ബില്യൻ (3.83 ലക്ഷം കോടി രൂപ). ആഴ്‌സലർ മിത്തൽ മേധാവി ലക്ഷ്‌മി മിത്തൽ നാലാമതും (34.7 ബില്യൻ) ടെലികോം കമ്പനി ഭാരതി എയർടെലിന്റെ മേധാവി സുനിൽ മിത്തലും കുടുംബവും (32.9 ബില്യൻ) അഞ്ചാമതുമാണ്.
മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് വ്യക്തികളിൽ ഒന്നാംസ്ഥാനത്ത്. പട്ടികയിൽ 47-ാം സ്ഥാനമുള്ള യൂസഫലിയുടെ ആസ്തി 5.75 ബില്യൻ (55,400 കോടി രൂപ). ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ് മൂന്നാംസ്‌ഥാനത്ത്. 5.4 ബില്യൻ ഡോളറാണ് 52-ാം സ്‌ഥാനത്തുള്ള ജോയ് ആലുക്കാസിന്റെ്റെ ആസ്‌തി (52,000 കോടി രൂപ). ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (4.1 ബില്യൻ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൻ), ശോഭാ ഗ്രൂപ്പ് സ്‌ഥാപകൻ പി.എൻ.സി.മേനോൻ (3.8 ബില്യൻ), കല്യാൺ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്‌ടർ ടി.എസ്.കല്യാണരാമൻ (3.55 ബില്യൻ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ.
Photo: Gautam Adani and Muthoot group chairman Shri George Jacob Muthoot

