Saturday, October 3, 2026
Home » ഗുരുതരമായി പരുക്കേറ്റ സ്മിത് മച്ചാറിനെ ദുബായിലേക്കു മാറ്റി; സ്‌മിത്തിന് ഗുജറാത്ത് സർക്കാർ ‘വിശിഷ്‌ട് ഗുജറാത്ത് ഗരിമ അവാർഡ്’ പ്രഖ്യാപിച്ചു.
ഗുരുതരമായി പരുക്കേറ്റ സ്മിത് മച്ചാറിനെ ദുബായിലേക്കു മാറ്റി; സ്‌മിത്തിന് ഗുജറാത്ത് സർക്കാർ 'വിശിഷ്‌ട് ഗുജറാത്ത് ഗരിമ അവാർഡ്' പ്രഖ്യാപിച്ചു.

ഗുരുതരമായി പരുക്കേറ്റ സ്മിത് മച്ചാറിനെ ദുബായിലേക്കു മാറ്റി; സ്‌മിത്തിന് ഗുജറാത്ത് സർക്കാർ ‘വിശിഷ്‌ട് ഗുജറാത്ത് ഗരിമ അവാർഡ്’ പ്രഖ്യാപിച്ചു.

by Editor

ദുബായ്: സഹപൈലറ്റിന്റെ കത്തിക്കുത്തിൽ ഗുരുതരമായി പരുക്കേറ്റ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തുടർച്ചികിത്സയ്ക്കായി സൗദി അറേബ്യയിലെ തബൂക്കിൽ നിന്ന് യുഎഇയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. മച്ഛാറിന്റെ കുടുംബാംഗങ്ങൾ ഒപ്പമുണ്ട്. കുടുംബത്തെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായിലെ കോൺസൽ ജനറൽ ഡോ. വിഷ്ണുവർധന റെഡ്ഡിയും സന്ദർശിച്ചു.

ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് വിമാനത്തിൽ വച്ചാണ് ഒമാൻ സ്വദേശിയായ കോ-പൈലറ്റ് സ്മിത്തിനെ അക്രമിച്ചത്. ചോരയിൽ കുളിച്ചിട്ടും ധീരമായി പോരാടിയ ക്യാപ്റ്റൻ സ്മിത് കോക്പിറ്റിന്റെ വാതിൽ തുറന്നുനൽകിയതിനെ തുടർന്ന് യാത്രക്കാരും മറ്റ് ക്രൂ അംഗങ്ങളും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനം സൗദിയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കുകയും സ്മിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയ ഉടൻ തന്നെ പ്രതിയെ സൗദി സുരക്ഷാസേന കസ്റ്റഡിയിലെടുത്തിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം, ഇയാളെ കൂടുതൽ അന്വേഷണങ്ങൾക്കായി യുഎഇ സുരക്ഷാ സംഘത്തിന് കൈമാറുകയും യുഎഇയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായി ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രതി ഒമാൻ സ്വദേശിയായ പൈലറ്റാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ഈ വിമാനക്കമ്പനിയിൽ ജോലിയിൽ പ്രവേശിപ്പിച്ചിട്ട് ഒരു വർഷത്തിൽ താഴെ മാത്രമേ ആകുന്നുള്ളൂ.

ഇസ്രയേൽ, ഇന്ത്യ, യുഎഇ പൗരരാണു വിമാനത്തിലുണ്ടായിരുന്നതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 4 യുഎസ് പൗരരും ഉണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ ഫ്ലൈദുബായ് ഇസ്രയേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. വിമാനം രജിസ്റ്റർ ചെയ്തിരിക്കുന്നത് യുഎഇയിൽ ആയതിനാൽ അന്താരാഷ്ട്ര നിയമപ്രകാരം അവർക്കാണ് അന്വേഷണ ചുമതലയെങ്കിലും, പ്രതിയെ ചോദ്യം ചെയ്യുന്നതിൽ ഇസ്രയേൽ ഇന്റലിജൻസ് ഏജൻസികളും പങ്കുചേരുന്നുണ്ട് എന്നാണ് വിവരം.

പൈലറ്റുമാരുടെ പരിശീലകൻ കൂടിയായ സ്‌മിത്തിന് 13 വർഷത്തെ പ്രവർത്തനപരിചയവും 9,750 മണിക്കൂർ വിമാനം പറത്തിയുള്ള പരിചയ സമ്പത്തുമുണ്ട്. സ്‌മിത്തിന്റെ അവിശ്വസനീയമായ സമചിത്തതയെയും ധീരതയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ പ്രശംസിച്ചു. ഗുജറാത്ത് സർക്കാർ സ്‌മിത്തിന് സംസ്‌ഥാനത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ ‘വിശിഷ്‌ട് ഗുജറാത്ത് ഗരിമ അവാർഡ്’ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശസ്‌തമായ സോമനാഥ ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ വേഗത്തിലുള്ള സുഖപ്രാപ്‌തിക്കായി പ്രത്യേക പ്രാർഥനകളും നടന്നു. ലോകമെമ്പാടുനിന്നും ഈ വീരപൈലറ്റിന് ആദരവുകളുടെ പ്രവാഹമാണ് ലഭിക്കുന്നത്.

‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Send your news and Advertisements

You may also like

error: Content is protected !!