Friday, October 2, 2026
Home » ‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

by Editor

ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിലെ ഗുരുതരമായ പ്രതിസന്ധിക്കിടെ അസാധാരണ ധൈര്യം പ്രകടിപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള അചഞ്ചലമായ നിശ്ചയദാർഢ്യം മച്ച്ഛർ പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. “ക്യാപ്റ്റൻ സ്മിത് മച്ചർ ഒരു ഹീറോയാണ്” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഏറ്റവും ഗുരുതരമായ അപകടസാഹചര്യത്തിലും ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ അദ്ദേഹം കാട്ടിയ ധൈര്യം അഭിനന്ദനാർഹമാണെന്നും മോദി പറഞ്ഞു.

മച്ചറിന്റെ ധീരത നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “ഇന്ത്യ ക്യാപ്റ്റൻ മച്ച്‌ഛറിനെക്കുറിച്ച് അഭിമാനിക്കുന്നു” എന്നും അദ്ദേഹം കുറിച്ചു. ക്യാപ്റ്റൻ മച്ചർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പുതിയ കരുത്തും മികച്ച ആരോഗ്യവും വീണ്ടെടുക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് (Flydubai – FZ1073) വിമാനത്തിൽ കോക്പിറ്റിനുള്ളിൽ വെച്ച് പൈലറ്റുമാർ തമ്മിൽ അക്രമാസക്തമായ തർക്കവും കുത്തേറ്റ സംഭവവുമാണ് ഉണ്ടായത്. വിമാനത്തിലെ ഒമാൻ സ്വദേശിയായ കോ-പൈലറ്റ്, പ്രധാന പൈലറ്റായ സ്മിത് മച്ഛർ (Smit Machchhar) എന്ന ഇന്ത്യൻ വംശജനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു.

ജോർദാൻ വ്യോമാതിർത്തിയിൽ വെച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അക്രമത്തിനിടെ വിമാനം നിയന്ത്രണം വിട്ട് വെറും 30 സെക്കൻഡുകൾക്കുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് പതിച്ചു. ഇത് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

കുത്തേറ്റെങ്കിലും ക്യാപ്റ്റൻ സ്മിത് മച്ഛർ ധീരമായി പ്രതിരോധിക്കുകയും കോക്പിറ്റിന്റെ വാതിൽ തുറന്ന് നൽകുകയും ചെയ്തു. വിമാനം താഴേക്ക് പതിക്കുന്നത് കണ്ട് യാത്രക്കാരും മറ്റ് ജീവനക്കാരും കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും അക്രമിയായ കോ-പൈലറ്റിനെ കീഴ്പ്പെടുത്തുകയും ചെയ്തു. യാദൃശ്ചികമായി ഈ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റു രണ്ടു പൈലറ്റുമാരാണ് പിന്നീട് വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് (Tabuk Airport) തിരിച്ചുവിട്ട് അടിയന്തരമായി ഇറക്കുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റൻ മച്ഛറിനെ സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്റെ നില നിലവിൽ തൃപ്തികരമാണ്. അക്രമി കോ-പൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്രായേൽ ഭരണകൂടം ഇതിനെ ഒരു ഭീകരാക്രമണ ശ്രമമായാണ് വിലയിരുത്തുന്നത്.

 

 

Send your news and Advertisements

You may also like

error: Content is protected !!