Saturday, May 30, 2026
Home » ട്രംപിന് കനത്ത തിരിച്ചടി; വിദേശ ഉൽപ്പന്നങ്ങൾക്ക് മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയ നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി.
ട്രംപ്

ട്രംപിന് കനത്ത തിരിച്ചടി; വിദേശ ഉൽപ്പന്നങ്ങൾക്ക് മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയ നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി.

by Editor

വാഷിങ്ടൺ: വിദേശ ഉൽപ്പന്നങ്ങൾക്ക് മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി. തീരുവകൾ നിശ്ചയിക്കാനുള്ള അധികാരം പ്രസിഡൻ്റിനല്ല മറിച്ച് കോൺഗ്രസിനാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. ട്രംപിൻ്റെ വിദേശ-സാമ്പത്തിക നയങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിക്കുന്നതാണ് ഈ ഉത്തരവ്.

ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കേണ്ട നിയമങ്ങൾ ദുരുപയോഗം ചെയ്‌താണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് 6-3 ഭൂരിപക്ഷത്തോടെയുള്ള വിധിയിൽ ജഡ്‌ജിമാർ നിരീക്ഷിച്ചു. യുഎസ് ഭരണഘടനയനുസരിച്ച് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം ജനപ്രതിനിധി സഭയായ കോൺഗ്രസിനാണ്. 1977 ലെ ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് പ്രകാരം ഇത്തരം ലവികൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രംപ് തൻ്റെ അധികാര പരിധി ലംഘിച്ചുകൊണ്ട് താരിഫുകളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷയ്ക്കും ഈ തീരുവകൾ അത്യന്താപേക്ഷിതമാണെന്നായിരുന്നു ഡൊണാൾഡ് ട്രംപിൻ്റെ വാദം. ഈ അധിക തീരുവകൾ പിൻവലിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്രംപിൻ്റെ ഈ നടപടി അമേരിക്കൻ ജനതയുടെ മേൽ വലിയ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണെന്ന് ജഡ്ജിമാർ വാദത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.

പ്രതികാര നടപടിയുടെ ഭാഗമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകൾ ഈ വിധിയോടെ അസാധുവാകും. ആഗോള വിപണിയിൽ ഇതിൻ്റെ പ്രതിഫലനങ്ങൾ പ്രകടമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ വിധി വന്നതോടെ ട്രംപ് ഭരണകൂടം ഇതിനെതിരെ പുതിയ നിയമനടപടികൾ സ്വീകരിക്കുമോ അതോ കോൺഗ്രസ് വഴി പുതിയ നിയമം കൊണ്ടുവരാൻ ശ്രമിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!