ബ്രിസ്ബേൻ: സെൻറ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ബ്രിസ്‌ബേനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളെ അണിനിരത്തി നടത്തിയ എക്യൂമെനിക്കൽ കരോൾ ദ’ നുഹ്‌റോ 2024 (D’Nuhro 2024) ഇൻഡോറൂപ്പിള്ളി ഹോളി ഫാമിലി പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. സെൻറ് ഗ്രിഗോറിയസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഗോൾഡ് കോസ്റ്റ്, ക്വീൻസ്ലാൻഡ് തമിഴ് ചർച്ച്, സിഎസ്ഐ ഹോളി ട്രിനിറ്റി ചർച്ച്, സെൻറ് മേരീസ് സീറോ മലങ്കര കാത്തലിക് കമ്മ്യൂണിറ്റി, സെൻറ് ജെയിംസ് ആംഗ്ലിക്കൻ ചർച്ച്, ബ്രിസ്ബേൻ മാർത്തോമ്മാ ചർച്ച്, സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി എന്നീ ഇടവകകളുടെ കരോൾ സംഘങ്ങൾ തിരുപ്പിറവിയുടെ ഓർമ്മക്ക് ശീലുകൾ ഏകി.
സമാധാനത്തിന്റെ മനുഷ്യരൂപമായി ദൈവനാഥൻ അവതരിച്ചതിനെ അനുസ്മരിപ്പിച്ചു, ഇടവകയുടെ സൺഡേസ്കൂൾ കുട്ടികൾ രംഗാവിഷ്ക്കാരം നടത്തി. ഗാനങ്ങൾ ആലപിച്ച എല്ലാ കരോൾ സംഘങ്ങൾക്കും ഇടവക വികാരി ബഹു. ഷിനു വർഗീസ് അച്ചൻ നന്ദി അർപ്പിച്ചു. ഇടവകയുടെ ട്രസ്റ്റീ പോൾ വർഗീസ്, സെക്രട്ടറി ജ്യോതി പോൾ, മാനേജിങ് കമ്മിറ്റി, ദ’ നുഹ്‌റോ ക്വയർ കോ ഓർഡിനേറ്റർ റിനു ജോബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.