ന്യൂയോർക്ക്: താൻ അധികാരമേറ്റെടുക്കുന്നതിനു മുൻപ് ബന്ദികളുടെ മോചനം നടന്നിരിക്കണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയിൽ തടവിലുള്ള ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനു ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. . 14 മാസമായി തുടരുന്ന ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാൻ കരാർ ഉണ്ടാക്കുന്നതിലോ നയതന്ത്ര തലത്തിൽ ബൈഡൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഹമാസിന് വ്യക്തമായ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.
‘‘എല്ലാവരും സംസാരിക്കുന്നത് ഗാസയിൽ മനുഷ്യത്വരഹിതമായും ക്രൂരമായും ബന്ദികളാക്കിയവരെ കുറിച്ചാണ്. സംസാരം മാത്രമേയുള്ളൂ, നടപടികൾ ഉണ്ടാകുന്നില്ല. എന്നാൽ ഞാൻ പറയട്ടെ, യുഎസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന 2025 ജനുവരി 25-നു മുൻപ് ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിച്ചില്ലെങ്കിൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരും. മനുഷ്യരാശിക്കെതിരെ ഇത്തരം നിഷ്ഠൂര പ്രവർത്തനങ്ങൾ നടത്തുന്നവർ വലിയ വില നൽകേണ്ടി വരും. എത്രയും പെട്ടെന്ന് ബന്ദികളെ മോചിപ്പിക്കുക.’’– ട്രൂത്ത് എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ ട്രംപ് കുറിച്ചു.
ഇസ്രായേലിന് താൻ ഉറച്ച പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്. ആക്രമണത്തിൽ 1208 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ബന്ദികളായവരിൽ കുറച്ചു പേരെ മോചിപ്പിക്കാൻ സാധിച്ചുവെങ്കിലും 97 പേർ ഇപ്പോഴും ഗാസയിൽ തടങ്കലിൽ തുടരുകയാണ്. ഇവരിൽ 35 പേരെ ഹമാസ് കൊലപ്പെടുത്തിയതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേൽ തുടങ്ങിയ യുദ്ധം ഇപ്പോഴും തുടരുകയാണ്. ഗാസയിൽ ഇപ്പോഴും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 44,466 പലസ്തീൻകാർ കൊല്ലപ്പെട്ടു. ലക്ഷത്തിലധികം പേർക്കാണ് പരുക്കേറ്റിരിക്കുന്നത്.