അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൂദാശ ഇന്നും നാളെയുമായി നടക്കും. ഒരേസമയം 2,000 പേർക്ക് പ്രാർഥിക്കാൻ സൗകര്യമുള്ള യുഎഇയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നായ കത്തീഡ്രൽ ഒട്ടേറെ പുതുമകളോടെയാണ് നിർമിച്ചിരിക്കുന്നത്. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച ദേവാലയത്തിൽ മദ്ബഹ, യേശുക്രിസ്തുവിന്റെ ചരിത്രം, അദ്ഭുതങ്ങൾ, ഉപമകൾ എന്നിവ ചിത്രീകരിച്ച ഐക്കണുകൾ, പൗരാണിക പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന നാടകശാല എന്നിവ ഒരുക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയും പരസ്യജീവിതകാലത്ത് നടത്തിയ അദ്ഭുതങ്ങൾ, ഉപമകൾ എന്നിവയാണ് ദേവാലയത്തിനു ചുറ്റുമുള്ള ഗ്ലാസുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് എത്തിയ 10 കലാകാരന്മാർ 4 മാസമെടുത്താണ് കൊത്തുപണികൾ പൂർത്തിയാക്കിയത്.
വൈകിട്ട് 5.30- ന് ദേവാലയ കൂദാശയുടെ ആദ്യഘട്ടം മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടത്തും. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ്, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചെന്നൈ ഭദ്രാസന മെത്രാപ്പൊലീത്ത, ബാംഗ്ലൂർ സഹായ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ പീലക്സിനോസ് എന്നിവർ സഹകാർമികരാകും.
30-ന് ദേവാലയ കൂദാശയുടെ രണ്ടും മൂന്നും ഘട്ടങ്ങളും, വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പൊതുസമ്മേളനവും നടത്തും. പൊതുസമ്മേളനത്തിൽ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സാമൂഹിക വികസന വിഭാഗം (ഡിസിഡി) ചെയർമാൻ മുഗീർ ഖമീസ് അൽ ഖൈലി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, മെറിലാൻഡ് ഇന്റർനാഷനൽ സ്കൂൾ സ്ഥാപക ഡോ. സുശീല ജോർജ്, മലങ്കര ഓർത്തഡോക്സ് സഭാംഗം ഡോ. ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുക്കും.