ജെഹന്നാസ്ബെർഗിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ് വെടിക്കെട്ടാണ് കണ്ടത്. നാലാം ടി-20-യില്‍ 56 പന്തില്‍ പുറത്താവാതെ 109 റണ്‍സാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസൺ അടിച്ചെടുത്തത്. ഒന്‍പത് സിക്‌സും ആറ് ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതിനിടെ നടന്നൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. സഞ്ജുവിന്റെ കൂറ്റന്‍ സിക്‌സര്‍ ഗാലറിയില്‍ കളി കാണാനെത്തിയ യുവതിയുടെ മുഖത്താണ് ചെന്ന് പതിച്ചത്. ഇവർ വേദനകൊണ്ട് നിലവിളിയും തുടങ്ങി. ഇത് ശ്രദ്ധിച്ച സഞ്ജു കൈയുയർത്തി അവരോട് ക്ഷമാപണവും നടത്തി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്റ്റബ്സിന്റെ ഓവറിലായിരുന്നു സംഭവം. നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് പന്ത് മുഖത്ത് കൊണ്ടത്. ഇതിനാൽ കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. വേദന മാറാൻ ഇവരുടെ കവിളിൽ ഐസ് പാക്ക് വയ്‌ക്കുന്നതും വിഡിയോയിൽ കാണാം.
സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും വെടിക്കെട്ട് സെഞ്ച്വറികളുടെ കരുത്തില്‍ നാലാം ടി-20-യില്‍ ഇന്ത്യ 283 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. മറപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 148-ന് എല്ലാവരും പുറത്തായി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി.