ചെന്നൈ: തമിഴ്‌നാട്ടിൽ 59 വർഷങ്ങൾക്ക് ശേഷം (ഏതാണ്ട് 6 പതിറ്റാണ്ട്) കോൺഗ്രസ് വീണ്ടും ഭരണത്തിൽ പങ്കാളികളായിരിക്കുകയാണ്. തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് മുഖ്യമന്ത്രിയായി രൂപീകരിച്ച പുതിയ മന്ത്രിസഭയിലാണ് രണ്ടു കോൺഗ്രസ് അംഗങ്ങൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. 21 ടിവികെ എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
തമിഴ്‌നാട്ടിൽ മുൻപ് കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്നത് 1967-ലാണ്. എം. ഭക്തവത്സലം ആയിരുന്നു തമിഴ്‌നാട്ടിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രി. 1967-ലെ തെരഞ്ഞെടുപ്പിൽ സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി.എം.കെ (DMK) അധികാരം പിടിച്ചതോടെയാണ് സംസ്ഥാനത്ത് ദ്രാവിഡ രാഷ്ട്രീയ യുഗം ആരംഭിച്ചതും കോൺഗ്രസിന് ഭരണം നഷ്ടമായതും. അതിനുശേഷം ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാർട്ടികളുമായി പലതവണ സഖ്യത്തിലായെങ്കിലും കോൺഗ്രസിന് ഭരണത്തിൽ പങ്കാളിത്തം ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ആറ് പതിറ്റാണ്ടിൽ ദ്രാവിഡ പാർട്ടികളുടെ സമഗ്ര ഭരണത്തിൽ ഒരിയ്ക്കൽ പോലും മറ്റ് പാർട്ടികൾക്ക് മന്ത്രിസഭയിൽ ഇടമുണ്ടായിരുന്നില്ല. പുതിയ മുഖ്യമന്ത്രി സി ജോസഫ് വിജയ്, ആ കീഴ്വഴക്കമാണ് തിരുത്തുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സി രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവർക്കാണ് മന്ത്രിമാരാകാനുള്ള അവസരം ലഭിച്ചത്. നിലവിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ്, വിടുതലൈ സിരുത്തൈകൾ കക്ഷികൾ എന്നിവരും മന്ത്രിസഭയിൽ എത്തിയേക്കും.
ഇന്ന് മൂന്ന് പേർ കൂടി സത്യപ്രതിജ്ഞ ചെയ്‌തതോടെ, ജോസഫ് വിജയ് മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം നാലായി. ഇന്നത്തെ സത്യപ്രതിജ്ഞ കൂടി കഴിഞ്ഞപ്പോൾ ആകെ മന്ത്രിമാരുടെ എണ്ണം 32 ആയി. 234 നിയമസഭാംഗങ്ങളുള്ള തമിഴ്‌നാട് മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 36 അംഗങ്ങൾ വരെയാകാം. നിലവിൽ മുഖ്യമന്ത്രിയുൾപ്പെടെ 32 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. സർക്കാർ രൂപവതകരിച്ചതിന് പിന്നാലെ മെയ് 10 നാണ് മുഖ്യമന്ത്രിയായി വിജയ് യും ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റത്.

