ഡൽഹി: മാർച്ച് 31 മുതൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ലെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ വ്യക്തമാക്കി. മലിനീകരണം നിയന്ത്രിക്കാൻ ആവിഷ്‌കരിച്ച നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണം നിലവിൽ വരുന്നത്.
വാഹന മലിനീകരണ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പഴയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തൽ, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റം, പുകമഞ്ഞ് പ്രതിരോധ മാർഗങ്ങൾ എന്നിവ ഇതിനകം കേന്ദ്ര സർക്കാർ ചർച്ച ചെയ്തതാണെന്നും പെട്രോൾ പമ്പുകളിൽ വാഹനം തിരിച്ചറിയാൻ ഗാഡ്ജറ്റുകൾ സ്ഥാപിച്ച്, പഴയവാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തേയും തീരുമാനത്തെക്കുറിച്ചും അറിയിക്കുമെന്നും, ഇന്ധന വിതരണ നിയന്ത്രണത്തിന് പുറമെ ഡൽഹിയിലെ ബഹുനില കെട്ടിടങ്ങൾ, ഹോട്ടലുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ വായു മലിനീകരണം കുറയ്ക്കാൻ ആന്റി-സ്മോഗ് സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.