ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായ എറിൻ പിയാസെന്റി (32) കൊല്ലപ്പെട്ടു. 2026 ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എറിനെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പ്രസവാവധിക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ക്രൂരമായ ഈ ദുരന്തം സംഭവിച്ചത്.
49 കാരിയായ പമേല സിസ്നെറോസ് എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്‌തത്. ആദ്യം സബ്വേ സ്റ്റേഷനിൽ നിന്ന് പുറത്തുവന്ന 68 വയസുകാരനായ വിനോദസഞ്ചാരിയെ കുത്തിപ്പരിക്കൽപ്പിച്ച അക്രമി, തൊട്ടടുത്തുണ്ടായിരുന്ന എറിന് നേരെ തിരിയുകയായിരുന്നു. എറിനെ പമേല കയ്യിലുണ്ടായിരുന്ന അടുക്കളക്കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എറിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിനോദസഞ്ചാരി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവം അറിഞ്ഞെത്തിയ ന്യൂയോർക്ക് പൊലീസ് അക്രമിയോട് ആയുധം താഴെയിട്ട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. പൊലീസുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുന്നോട്ടെത്തിയ പമേലയെ സ്റ്റൺ ഗൺ ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിന് വെടിയുതിർക്കേണ്ടി വരികയും അക്രമി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയുമായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ പമേല സിസ്നെറോസ് മാനസികരോഗത്തിന് ചികിത്സയിലായിരുന്ന വ്യക്തിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അടുത്തിടെയാണ് എറിനും ഭർത്താവ് ഫ്രാങ്കിനും ഒരു പെൺകുഞ്ഞ് ജനിച്ചത്. പ്രസവാവധി കഴിഞ്ഞ് ദിവസങ്ങൾക്ക് മുൻപാണ് എറിൻ പിയാസെന്റി തിരികെ ജോലിയിൽ പ്രവേശിച്ചത്. ബാങ്ക് ഓഫ് അമേരിക്കയിൽ ‘ബിസിനസ് സെലക്ഷൻ ആൻഡ് കോൺഫ്ലിക്റ്റ്സ്’ വിഭാഗം വൈസ് പ്രസിഡന്റായി അവർ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഫോർദാം ലോ സ്‌കൂളിലെ പഠനത്തിന് ശേഷം മികച്ച കരിയർ പടുത്തുയർത്തിയ എറിൻ്റെ ദാരുണമായ വേർപാടിൽ ബാങ്ക് ഓഫ് അമേരിക്കയും ഫോർദാം ലോ സ്‌കൂളും ദുഖം രേഖപ്പെടുത്തി.

