ചരിത്രപണ്ഡിതൻ, എഴുത്തുകാരൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ തിളങ്ങിയ മുറ്റയിൽ ഗോവിന്ദമേനോൻ
ശങ്കരനാരായണൻ എന്ന എം ജി എസ് നാരായണൻ ഓർമ്മയായിട്ട് ഒരു വർഷം. 2025 ഏപ്രിൽ 26-നായിരുന്നു 92-ാം വയസ്സിൽ അദ്ദേഹം കോഴിക്കോട്ടെ വസതിയിൽ വെച്ച് അന്തരിച്ചത്.
1932 ഓഗസ്റ്റ് 20 ന് പരപ്പനങ്ങാടിയിൽ ജനനം. ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. 22-ാമതെ വയസ്സിൽ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ചരിത്ര അദ്ധ്യാപകനായി തുടക്കം (പഴയ സാമൂതിരി കോളേജ്) 41-ാമത്തെ വയസ്സിൽ പി എച്ച്ഡിയും പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെയുടെ മേൽനോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആൻ്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. എം.ജി. യൂണിവേഴ്സിറ്റി, മംഗലാപുരം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായും, ഇന്ത്യക്കു പുറമേ ലണ്ടൻ സർവകലാശാല, മോസ്കോ ലെനിൻഗ്രാഡ് സർവകലാശാല, ടോക്കിയോ സർവകലാശാല എന്നീ ഉന്നത സർവകലാശാലകളിലും വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സുകുമാർ അഴീക്കോടിൻ്റെ “മലയാള സാഹിത്യത്തിലെ വൈദേശിക പ്രഭാവം” എന്ന തിസീസ് “മലയാള സാഹിത്യവമർശനം” എന്ന മികവുറ്റ പുസ്തകമായതുപോലെ, എം.ജി എസ് ൻ്റെ പിഎച്ച്ഡി – യും “പെരുമാൾസ് ഓഫ് കേരള” എന്ന മികച്ച കൃതിയായി മാറി. 1996 -ൽ ഇത് പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ ചെയർമാൻ എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചു.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ, പത്രത്താളുകളിൽ, ചരിത്ര സംബന്ധമായ നിരവധി രചനകൾ നൽകിയ ഈ പ്രതിഭാധനൻ ഷെൽഫിൽ സൂക്ഷിക്കാൻ പറ്റുന്ന നിരവധി കൃതികളും സമ്മാനിച്ചു. ഇന്ത്യൻ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങൾ, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ കോഴിക്കോടിന്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും ജനാധിപത്യവും കമ്മ്യൂണിസവും, പെരുമാൾസ് ഓഫ് കേരള ജാലകങ്ങൾ (ആത്മകഥ) തുടങ്ങിയവ
കോഴിക്കോടിൻ്റെ കഥ – സത്യസന്ധതയുടെ നഗരം എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോടിൻ്റെ ചരിത്രവും സംസ്കാരവും വിശകലനംചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. കോഴിക്കോടിൻ്റെ ഉദയവും നൂറ്റാണ്ടുകളിലൂടെ നഗരത്തിനു സംഭവിച്ച മാറ്റങ്ങളും വളർച്ചയും സൂഷ്മമായി അപഗ്രഥനം ചെയ്യുന്ന ലേഖനങ്ങൾ, ചരിത്ര വിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും വലിയ മുതൽകൂട്ടാവും എന്നതാണ് പ്രസാധനക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ മികവുറ്റത്. ഒരു ദേശത്തിൻ്റെ ചരിത്രമെഴുതിയ
എം.ജി.എസ് അത് ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. നല്ല വായനാസുഖം നൽകുന്ന പുസ്തകം.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

