ലണ്ടൻ: ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം കാരണം ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളം അടച്ചു. ഇതിനെ തുടർന്ന് 1400 വിമാന സർവീസുകളാണ് ഇന്ന് മാത്രം റദ്ദാക്കിയത്. ഇത് ലോകമെങ്ങും വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ പറഞ്ഞു. ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം തിരിച്ചറിഞ്ഞിട്ടില്ല.
തീപിടിത്തം പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. നഗരത്തെ വൈദ്യുതി സംവിധാനത്തെയും തീപിടിത്തം കാര്യമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു. യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്കു വരരുതെന്നും കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി.