മഹാശിവരാത്രി പുണ്യം നുകരുകയാണ് ഇന്ന് പ്രയാഗ്‌രാജ്. എവിടെയും ഹർ ഹർ മഹാദേവ്, ഗംഗാ ദേവീ സ്‌തുതികൾ. ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്‌നാനത്തോടെ മഹാകുംഭമേളയ്‌ക്ക് സമാപനമാകും. ശിവരാത്രി ദിനത്തിൽ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് മുൻകൂട്ടി കണ്ട് പഴുതടച്ച ക്രമീകരണങ്ങളാണ് ഉത്തർപ്രദേശ് സർക്കാരും റെയിൽവേയും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്.
മഹാശിവരാത്രി സ്‌നാനം ഇന്ന് രാവിലെ 11.08ന് ആരംഭിക്കും. നാളെ രാവിലെ 08.54 വരെയാണ് സ്‌നാനത്തിനുള്ള പുണ്യസമയം.
44 ദിവസത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, സിനിമാ താരങ്ങൾ, വ്യവസായികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, വിദേശ പ്രതിനിധി സംഘങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖകളിലെ പ്രമുഖർ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്‌തു. ഇതുവരെ 63.36 കോടിയിൽപ്പരം തീർത്ഥാടകരെത്തിയെന്നാണ് കണക്കുകൾ.
ശിവരാത്രിയ്ക്കൊരുങ്ങി കേരളത്തിലെ ക്ഷേത്രങ്ങൾ
കേരളത്തിൽ ശിവരാത്രി ബലിതർപ്പണത്തിനും ആഘോഷങ്ങൾക്കുമായി ആലുവ മണപ്പുറം, പാഴൂർ മണൽപ്പുറം, കാലടി, ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങളിൽ ഒരുക്കങ്ങളായി. ആലുവയിൽ ബുധൻ രാത്രി 10-ന് ബലിതർപ്പണം ആരംഭിക്കും. വ്യാഴം രാവിലെയും തുടരും. ആലുവ അദ്വൈതാശ്രമത്തിലും തർപ്പണത്തിന് സൗകര്യമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കടവ് ഇവിടെ ഒരുക്കിയിട്ടുണ്ട്.
പിറവം പാഴൂരിൽ രാവിലെ 8.30ന് ശീവേലിക്ക് എഴുന്നള്ളിക്കും. വൈക്കം ഷാജിയുടെ പ്രമാണത്തിൽ നാദസ്വരവും ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും അകമ്പടിയാകും. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 1000 പേർക്ക് ഓരേസമയം ബലിയിടാം.
കാലടിയിൽ ശിവരാത്രി ആഘോഷച്ചടങ്ങുകൾ തുടക്കമായി. ചൊവ്വ വൈകിട്ട് സംഗീതസദസ്സ്, ഗാനമേള എന്നിവ അരങ്ങേറി. അർധരാത്രിമുതൽ ബലിതർപ്പണം തുടങ്ങും. വ്യാഴം വൈകിട്ട് 6.30-ന് കൈകൊട്ടിക്കളി, ഗാനമേള എന്നിവയും ഉണ്ടാകും. ജില്ലയിൽ വിവിധ ക്ഷേത്രങ്ങളിലും ശിവരാത്രി ആഘോഷങ്ങളുണ്ടാകും. ബലിതർപ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 26-ന് മഹാശിവരാത്രി; ഐതിഹ്യങ്ങൾ, വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്