ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി അഥവാ ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ ശിവക്ഷേത്രങ്ങളിലും അന്ന് വിശേഷ ദിവസമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി അഥവാ ശിവമായ രാത്രിയാണ്. ഇത്തവണ ഫെബ്രുവരി 26-നാണ് ഈ പുണ്യദിനം.
ശിവരാത്രിയുമായി ബന്ധപ്പെടുത്തി പ്രധാനമായും രണ്ട് ഐതിഹ്യങ്ങൾ ആണ് ഉള്ളത്. ആദ്യത്തേത് പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ ശ്രീ പാർവതി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ മഹാവിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ഐതിഹ്യം. ഇന്നും ശിവരാത്രി നാളിൽ രാത്രികാലത്ത് ഭക്തർ ഉറക്കമൊഴിച്ചിരിക്കുക പതിവാണ്.
രണ്ടാമത്തേത് ശിവ മാഹാത്മ്യവുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മാവും വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് ആ കഥ. മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്നും ഉടലെടുത്ത താമരയിൽ ബ്രഹ്മാവ് ജന്മമെടുത്തു. അപ്പോൾ ബ്രഹ്മാവിന് മഹാവിഷ്ണുവിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്റെ സൃഷ്ടാവും പ്രപഞ്ച പരിപാലകനുമായ നാരായണനാണ് ഞാൻ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നൽകിയില്ല. അവർ തമ്മിൽ യുദ്ധം ആരംഭിച്ചു. ബ്രഹ്മാവ്, ബ്രഹ്മാസ്ത്രവും അതിനെ തകർക്കാനായി മഹാവിഷ്ണു പാശുപതാസ്ത്രവും തൊടുത്തുവിട്ടു. ലോകം മുഴുവൻ കറങ്ങിനടന്ന പാശുപതാസ്ത്രത്തെ തിരികെയെടുക്കാനോ ഉപസംഹരിക്കാനോ മഹാവിഷ്ണുവിനോ ബ്രഹ്മദേവനോ സാധിച്ചില്ലെന്ന് മാത്രമല്ല അവരും ഭയവിഹ്വലരായി. അപ്പോൾ അവിടെ ഉയർന്നുവന്ന ശിവലിംഗത്തിൻ്റെ രണ്ടറ്റവും കണ്ടെത്താനായി ബ്രഹ്മാവ് മുകളിലേക്കും മഹാവിഷ്ണു താഴേക്കും സഞ്ചരിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശരായ ഇരുവരും പൂർവ്വസ്ഥലത്ത് മടങ്ങിയെത്തിയപ്പോൾ ഭഗവാൻ പരമേശ്വരൻ പ്രത്യക്ഷപ്പെട്ട്, പാശുപതാസ്ത്രത്തെ നിർവീര്യമാക്കിയത് കുംഭമാസത്തിലെ ചതുർദശി തിഥിയിലാണെന്നും തുടർന്ന് എല്ലാ വർഷവും ഇതേ രാത്രിയിൽ വ്രതമനുഷ്‌ഠിക്കണമെന്നും അതിനെ ശിവരാത്രിവ്രതം എന്നറിയപ്പെടുമെന്നും ശിവപുരാണത്തിൽ എഴുതപ്പെട്ടിരിക്കുന്നു.
ശിവരാത്രിയിലെ ശിവരാത്രി വ്രതം വ്രതങ്ങളില്‍ തന്നെ ഏറ്റവും മഹത്വപൂര്‍ണ്ണവും പുണ്യകരവുമായ ഒന്നായാണ് കരുതപ്പെടുന്നത്. ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധികളെയും ഇല്ലാതാക്കാനും വെല്ലുവിളികളെ തരണം ചെയ്യാനും ഭഗവാന്‍ പരമശിവന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകാനും ശിവരാത്രി വ്രതം നോല്‍ക്കുന്നത് പോലെ ഫലവത്തായിട്ടുള്ള മറ്റൊരു കാര്യമില്ല എന്നാണ്.
ശിവരാത്രികള്‍ നാലുതരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. മാസ ശിവരാത്രി, പക്ഷ ശിവരാത്രി, യോഗ ശിവരാത്രി, മഹാശിവരാത്രി. ഇതില്‍ കുംഭമാസത്തിലെ ശിവരാത്രിയാണ് മഹാശിവരാത്രി. ഈ ദിവസമാണ് ശിവരാത്രി വ്രതം എടുക്കുന്നത്. ഈ വര്‍ഷം 2025 ഫെബ്രുവരി 26-നാണ് മഹാശിവരാത്രി വരുന്നത്. ചതുര്‍ദശി നാളിലാണ് ശിവരാത്രി. ഫെബ്രുവരി 26 രാവിലെ മുതല്‍ പിറ്റേദിവസം, വ്യാഴാഴ്ച എട്ട് മണി വരെ ചതുര്‍ദശിയാണ്.
ശിവരാത്രി വ്രതം ഫെബ്രുവരി 26-നാണ് എടുക്കേണ്ടത്. പക്ഷേ തലേനാള്‍ തൊട്ട് അതിനുള്ള ഒരുക്കം ആവശ്യമാണ്. തലേദിവസമായ ഫെബ്രുവരി 25-ന് മത്സ്യമാംസങ്ങള്‍ കഴിക്കരുത്. വൈകുന്നേരം കുളിച്ച് വിളക്ക് തെളിയിച്ച് മഹാദേവനെ മനസ്സില്‍ ധ്യാനിക്കുക. പിറ്റേദിവസം രാവിലെ സൂര്യോദയത്തിന് മുമ്പ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് ശിവ ഭഗവാനെ പ്രാര്‍ത്ഥിക്കണം. ഓം നമഃശിവായ മന്ത്രവും ശിവസ്തുതികളും ചൊല്ലണം. രാവിലെ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ക്ഷേത്രത്തില്‍ പോകുമ്പോള്‍ വ്രതം എടുക്കുന്നവര്‍ തീര്‍ത്ഥം സേവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശിവരാത്രി ദിവസം പൂര്‍ണ്ണമായും ഉപവസിച്ച് വ്രതം അനുഷ്ഠിക്കുന്നവര്‍ ഉണ്ട്. അതല്ലാതെ ഒരിക്കലൂണ് എടുത്ത് വ്രതം എടുക്കുന്നവരുണ്ട്, പഴങ്ങളോ കരിക്കോ മാത്രം കഴിച്ച് വ്രതമെടുക്കുന്നവരും ഉണ്ട്. അവരവരുടെ ശരീരക്ഷമതയും ആരോഗ്യവും അനുസരിച്ച് അത് തിരഞ്ഞെടുക്കുക.
തിരുവാതിരയ്ക്കും ശിവരാത്രിയ്ക്കുമാണ് വ്രതമെടുക്കുന്നവര്‍ ഉറക്കൊഴിക്കുന്നത്. ശിവരാത്രി നാളിലാണ് ഉറക്കം ഒഴിക്കേണ്ടത്, തലേദിവസമല്ല. ഫെബ്രുവരി 26-നാണ് അത് വരുന്നത്. ഉറക്ക് ഒഴിക്കുമ്പോള്‍ ആ സമയത്ത് നാമജപം നടത്തുകയോ ക്ഷേത്രങ്ങളിലെ യാമപൂജയും ചടങ്ങുകളും കാണുകയോ ചെയ്യാം. ക്ഷേത്രത്തില്‍ പോയി ഉറക്കൊഴിയാത്തവര്‍ വീട്ടില്‍ പരമശിവന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ നിലവിളക്ക് തെളിയിച്ച് ശിവസ്തുതികളോ ശിവ അഷ്ടോത്തരമോ സഹസ്രനാമമോ അല്ലെങ്കില്‍ ഓം നമഃശിവായ മന്ത്രമോ ജപിക്കാം. പൊതുവെ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാര്‍ക്ക് ശിവരാത്രി വ്രതം എടുക്കാം. സ്ത്രീകള്‍ക്ക് ആര്‍ത്തവശേഷം ഏഴുദിവസം കഴിയണം. അതുപോലെ പുല, വാലായ്മ എന്നിവയുള്ളവര്‍ വ്രതം എടുക്കരുതെന്നാണ് പറയപ്പെടുന്നത്. ആരോഗ്യസ്ഥിതി മോശമായവരും വ്രതം എടുക്കാതിരിക്കുകയാണ് ഉചിതം.
ശിവരാത്രി ദിവസം മരിച്ചവർക്ക് വേണ്ടി പിതൃബലി അർപ്പിക്കുന്നത് ഏറ്റവും പുണ്യകരമാണ് എന്ന് വിശ്വാസമുണ്ട്.