ഗാസ: ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥയില്‍ നിന്ന് ഹമാസ് പിന്നോട്ട്. വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കുന്നുവെന്നും ബന്ദികളെ വിട്ടയക്കുന്നത് നിർത്തിവയ്ക്കുമെന്നുമാണ് ഇപ്പോൾ ഹമാസ് പറയുന്നത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് പശ്ചിമേഷ്യയെ കൂടുതൽ ആശങ്കയിലാക്കിക്കൊണ്ടുള്ള ഹമാസിന്റെ നീക്കം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മോചനമുണ്ടാകില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഗാസ മുനമ്പിലേക്ക് തിരികെയെത്തിയവരെ ഇസ്രയേല്‍ തടഞ്ഞെന്നാണ് ഹമാസ് പറയുന്നത്. രാജ്യാന്തര ഏജന്‍സികളുടെ സഹായവും ഇസ്രയേല്‍ തടയുന്നുവെന്നും ഹമാസ് പറയുന്നു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിലൊന്നായ നെറ്റ്‌സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് തുടങ്ങിയതായി ഇസ്രയേല്‍ ഞായറാഴ്ച അറിയിച്ചിരുന്നു. അതേസമയം തീവ്രനിലപാടുകാരായ നെതന്യാഹുവിന്റെ സഖ്യകക്ഷികൾ വെടിനിർത്തൽ അവസാനിപ്പിക്കാൻ സമ്മർദം ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രസ്താവന അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ആവർത്തിച്ചു. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ‘ ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയൽ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക അതു സ്വന്തമാക്കും. മനോഹരമായി പുനർനിർമിക്കും ’–ട്രംപ് പറഞ്ഞു. ഗാസയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളിൽ മികച്ച താമസ സൗകര്യമൊരുക്കിയാൽ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു. ഗാസ മുനമ്പിന്റെ ഭാഗങ്ങൾ മനോഹരമായി പുനർനിർമിക്കാൻ മധ്യപൂർവദേശത്തെ മറ്റു സമ്പന്ന രാജ്യങ്ങളെ യുഎസ് അനുവദിക്കും. എന്നാൽ ഹമാസിന്റെ മടങ്ങിവരവ് അനുവദിക്കില്ല എന്നും ട്രംപ് ആവർത്തിച്ചു. അതേസമയം, ട്രംപിന്‍റെ പ്രഖ്യാപനത്തെ ഇസ്രായേൽ പ്രസിഡന്‍റ് ബെഞ്ചമിൻ നെതന്യാഹു പിന്തുണച്ചിരുന്നു.
ഗാസ ഏറ്റെടുക്കുമെന്ന മുൻ പരാമര്‍ശത്തിൽ ആഗോളതലത്തിൽ തന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ഇക്കാര്യത്തിൽ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്. ഇന്ന് പ്രസിഡന്‍റ് ട്രംപ് ജോര്‍ഡൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയിൽ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാൻ ട്രംപ് ആവശ്യപ്പെടും.