മൂന്ന് വർഷം പിന്നിട്ട യുക്രെയ്ൻ -റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി മോസ്കോയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. യുഎസ് ശുപാർശകൾ അംഗീകരിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ യുക്രെയ്ൻ സമാധാനത്തിനു സാധ്യത തെളിഞ്ഞു.
വെടിനിർത്തൽ അംഗീകരിക്കാമെന്നും, ഇതിന് തീർപ്പു വേണമെന്നും പുടിൻ പറഞ്ഞു. തങ്ങളുടെ താൽപര്യങ്ങൾ സ്വാഭാവികമായി സംരക്ഷിക്കപ്പെടണമെന്നും അതിന് അനുകൂലമായ ചർച്ചകളാണ് ഉണ്ടാകേണ്ടത് എന്നുമാണ് നിലവിൽ റഷ്യ അറിയിച്ചിരിക്കുന്നത്. വെടിനിർത്തൽ പദ്ധതിയിലെ ചില നിർദേശങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചർച്ച ചെയ്തു പരിഹരിക്കാമെന്നും പുടിൻ വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ട്രംപിനു പുടിൻ നന്ദി പറഞ്ഞു. സമാധാനത്തിനായി ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാഷ്ട്രനേതാക്കൾ നൽകുന്ന പിന്തുണയ്ക്കും മോസ്കോയിൽ വാർത്താസമ്മേളനത്തിൽ പുടിൻ നന്ദി അറിയിച്ചു.