ദുബായ്: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് സമീപകാലത്ത് വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അടുത്ത ദിവസങ്ങളിൽ വിമാന നിരക്കുകൾ കൂടും എന്നാണ് ട്രാവൽ വിദഗ്ധരുടെ വിലയിരുത്തൽ. ബിസിനസ് യാത്രകളിൽ കുറവുണ്ടെങ്കിലും പെരുന്നാളും സ്കൂൾ അവധിയും ഒരുമിച്ചെത്തുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് 20% മുതൽ 30% വരെ ഉയരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പെരുന്നാൾ അവധിയും സ്കൂൾ ബ്രേക്കും നിരക്ക് വർദ്ധനവിന് കാരണമായത്. പെരുന്നാൾ അവധി മാർച്ച് 31-ന് തുടങ്ങുമെന്നാണ് പ്രതീക്ഷ. സ്കൂൾ വസന്തകാല അവധി മാർച്ച് 18 മുതൽ ആരംഭിക്കും.
ഹോളിഡേ ട്രാവലിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിംഗിൽ 30% വരെ വർദ്ധനവുണ്ടാകും. യുഎഇയിൽ നിന്ന് പുറത്ത് പോകുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ആളുകൾ യാത്രയ്ക്ക് തീർച്ചയായ ശേഷമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാറുള്ളൂ. ഇതും നിരക്ക് ഉയരാൻ കാരണമാണെന്ന് മുസാഫിർ.കോം സി.ഒ.ഒ. റഹീഷ് ബാബു പറഞ്ഞു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിമാന നിരക്കുകളിൽ 15% – 20% വരെ വർദ്ധനവുണ്ടായിട്ടുണ്ട്. ഉയർന്ന ഡിമാൻഡിനെ അഭിമുഖീകരിച്ച്, ചില എയർലൈൻസുകൾ കൂടുതൽ സർവീസുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
“സ്കൂൾ അവധിയും പെരുന്നാൾ അവധിയും ഒരുമിച്ച് വരുന്നതു മൂലം ടിക്കറ്റ് നിരക്ക് ഉയർന്നേക്കും” – എന്ന് എയർ ട്രാവൽ എന്റർപ്രൈസസ് & ടൂറിസം എൽ.എൽ.സി. ഓപ്പറേഷൻസ് ജനറൽ മാനേജർ റീന ഫിലിപ്പ് വ്യക്തമാക്കി.
നോമ്പുകാലമായതിനാൽ ബിസിനസ് യാത്രകളിൽ 30% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നോമ്പ് അവസാനിച്ചാൽ ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ഡിമാൻഡ് വർധിക്കും. ജപ്പാനിലെ എക്സ്പോ പല ബിസിനസ് യാത്രക്കാരെയും ആകർഷിക്കുന്നുണ്ട്. സൗദിയിലേക്ക് വിസ അനുവദിക്കൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചുരുക്കത്തിൽ ഈ അവധിക്കാലം കഴിയുന്നത് വരെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് ഉയർന്ന നിരക്കുകൾ തന്നെ തുടരും. പ്രത്യേകിച്ച്, പെരുന്നാൾ അവധിക്ക് നാട്ടിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ മാറ്റം വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഈ അവസ്ഥ തുടരുന്ന സാഹചര്യത്തിൽ, ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.