Saturday, July 19, 2025
Mantis Partners Sydney
Home » പ്രയാഗ്‌രാജില്‍ 300 കി.മീ നീളത്തിൽ ഗതാഗതക്കുരുക്ക്; വഴിയിൽ കുടുങ്ങി ജനം.
പ്രയാഗ്‌രാജില്‍ 300 കി.മീ നീളത്തിൽ ഗതാഗതക്കുരുക്ക്; വഴിയിൽ കുടുങ്ങി ജനം.

പ്രയാഗ്‌രാജില്‍ 300 കി.മീ നീളത്തിൽ ഗതാഗതക്കുരുക്ക്; വഴിയിൽ കുടുങ്ങി ജനം.

by Editor

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ വന്‍ ഗതാഗതക്കുരുക്ക്. മഹാകുംഭമേളയില്‍ പങ്കെടുക്കാൻ ലക്ഷക്കണക്കിനു തീർഥാടകർ ഒഴുകിയെത്തിയതോടെ ത്രിവേണി സംഗമത്തിലേക്കു എത്താനാകാതെ പലരും വഴിയിൽ കുടുങ്ങിയതായാണു റിപ്പോർട്ട്. 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്ന് പോലീസ് അറിയിച്ചു. തിരക്ക് കാരണം പ്രയാഗ്‌രാജ് സംഘം റെയില്‍വേ സ്റ്റേഷന്‍ ഫെബ്രുവരി 14 വരെ അടച്ചിട്ടിരിക്കുകയാണ്. സംഗം റോഡിൽ ഒച്ചിഴയും വേഗത്തിലാണു നൂറുകണക്കിനു വാഹനങ്ങൾ നീങ്ങുന്നത്. പ്രയാഗ്‌രാജിലേക്ക് എത്താൻ 24 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വന്നെന്നു ആളുകൾ പരാതിപെടുന്നുണ്ട്.

ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയില്‍ 43 കോടിയിലധികം ഭക്തരാണ് ത്രിവേണീ സംഗമത്തിലെത്തി പുണ്യസ്‌നാനം നടത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖരും സ്നാനത്തിൽ പങ്കെടുത്തു. ഗതാഗതം തടസ്സപ്പെട്ടതു കാരണം നിരവധിപേർക്കു ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ സാധിക്കുന്നില്ല എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പ്രയാഗ്‌രാജില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റോഡില്‍ വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നതിന്റേയും വളരെ പതുക്കെ മാത്രം മുന്നോട്ട് നീങ്ങുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തെറ്റായ ക്രമീകരണങ്ങളാണ് തിരക്കിന് കാരണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ‘‘വിശപ്പും ദാഹവും സഹിച്ച് ക്ഷീണിതരായ തീർഥാടകർ ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുകയാണ്. ഇവരോടു മനുഷ്യത്വത്തോടെ ഇടപെടേണ്ടേ? സാധാരണ തീർഥാടകരും മനുഷ്യരല്ലേ? സിനിമകൾക്കു വിനോദനികുതി ഒഴിവാക്കാറുള്ളതുപോലെ, മഹാകുംഭമേള സമയത്തു യുപിയിൽ വാഹനങ്ങൾക്കു ടോൾ ഒഴിവാക്കണം. ഇതു ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കും. വ്യാജപരസ്യങ്ങൾ നൽകുകയാണു സർക്കാർ. കുംഭമേളയുടെ ക്രമീകരണങ്ങളിൽ സർക്കാർ പരാജയപ്പെട്ടു’’– എന്ന് അഖിലേഷ് യാദവ് പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!