ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം. ഒന്നര മാസം നീണ്ട ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാന വട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. വൈകിട്ട് ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക. മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക.
കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറിയെ തുടർന്നു സരിന്റെ ഇടതു പ്രവേശം, സിപിഐഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകല്‍ച്ചയും തുടർന്നുണ്ടായ സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം എന്നിങ്ങനെ വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടന്‍ പ്രചാരണ നാളുകള്‍ മറ്റ് രണ്ട് ഉപതെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ജാർഖണ്ഡിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും. ജാർഖണ്ഡിൽ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്.