തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്തെ ജനങ്ങളോട് എത്രയും വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ആഹ്വാനം ചെയ്തു. ജനസംഖ്യാനുപാതമായി മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ചു കൊണ്ടായിരുന്നു സ്റ്റാലിന്റെ അഭ്യര്‍ത്ഥന. ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിർത്തി നിർണ്ണയം, തമിഴ്‌നാട്ടിന്റെ പാർലമെന്ററി പ്രാതിനിധ്യത കുറയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുടുംബാസൂത്രണത്തിന്റെ വിജയകരമായ നടപ്പാക്കലാണ് ഇപ്പോൾ സംസ്ഥാനത്തിനു തിരിച്ചടിയാകുന്നതെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. “മുമ്പ്, നമ്മൾ ജനങ്ങളെ പറഞ്ഞിരുന്നത് സമയം എടുത്ത് ഒരു കുഞ്ഞ് ജനിപ്പിക്കാമെന്നായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറിയിരിക്കുന്നു; ഇപ്പോൾ നമ്മൾ പറയേണ്ടത് ഉടൻ കുഞ്ഞുങ്ങളെ ജനിപ്പിക്കൂ എന്നതാണ്,” അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരം ജനസംഖ്യ നിയന്ത്രിച്ച തമിഴ്‌നാട്ടുകാര്‍ക്ക് ഇപ്പോള്‍ ജനസംഖ്യ കുറഞ്ഞത് കൊണ്ട് മണ്ഡലങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. നാഗപട്ടണത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിച്ച് നവദമ്പതികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍വിഭജനം നടത്തിയാല്‍ തമിഴ്നാടിന് വലിയ നഷ്ടമാകുമെന്നാണ് സ്റ്റാലിന്റെ വാദം.