Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്യുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി ഫയർഫ്ലൈ.
ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്യുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി ഫയർഫ്ലൈ.

ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്യുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി ഫയർഫ്ലൈ.

by Editor

വാഷിങ്ടൺ: ബഹിരാകാശ പര്യവേക്ഷണത്തിൽ പുതിയ നേട്ടവുമായി ഫയർഫ്ലൈ എയറോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് 1ദൗത്യം. യുഎസിലെ സ്വകാര്യ കമ്പനിയായ ഫയർഫ്ലൈ എയറോസ്പേസിൻ്റെ പേടകം ചാന്ദ്രാപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്തു. നാസയുടെ സഹകരണത്തോടെ ഫയർഫ്ലൈയുടെ ചാന്ദ്രപര്യവേഷണ വാഹനം വിക്ഷേപിക്കുകയായിരുന്നു. ടെക്സാസിലെ ഓസ്റ്റിനിൽനിന്ന് നിയന്ത്രിച്ച പേടകം ഭൂമിയിൽനിന്ന് 3,60,000 കിലോമീറ്റർ താണ്ടിയാണ് ചന്ദ്രൻ്റെ വടക്കുകിഴക്കൻ ഭാഗത്ത് യാതൊരു പ്രശ്നങ്ങളുമില്ലാതെ ലാൻഡ് ചെയ്തത്‌. ഇതോടെ ചന്ദ്രനിൽ ‘കാലുകുത്തുന്ന’ രണ്ടാമത്തെ സ്വകാര്യ കമ്പനിയായി ഫയർഫ്ലൈ എയറോസ്പേസ്.

10 ഉപകരണങ്ങൾ ഉൾക്കൊള്ളുന്നതാണ് ബ്ലൂ ഗോസ്റ്റ്. ചന്ദ്ര പ്രതലത്തിൽ ജിപിഎസ് സമാനമായ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ചുള്ള പരീക്ഷണവും, ചന്ദ്രന്റെ കാന്തിക വലയം ചന്ദ്രപ്രതലത്തിലെ അന്തരീക്ഷത്തെ സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന പഠനങ്ങളുമാണ് പ്രധാനമായും ദൗത്യത്തിൽ നടക്കുക. ചന്ദ്രോപരിതലത്തിലെ അതിസങ്കീർണമായ താപ വ്യതിയാനം സംബന്ധിച്ച വിശദമായ പഠനങ്ങൾക്കും ഗോസ്റ്റിന് പദ്ധതിയുണ്ട്.

യുഎസിലെ തന്നെ സ്വകാര്യ കമ്പനിയായ ഇൻട്യൂട്ടീവ് മെഷീൻസിന്റെ ഒഡീസിയസ് ലാൻഡർ കഴിഞ്ഞ വർഷം ചന്ദ്രനിലിറങ്ങിയിരുന്നു. ഒഡീസിയസിന്റെ ഇടിച്ചിറങ്ങലിനെ അപേക്ഷിച്ച് പിഴവുകളില്ലാത്ത സോഫ്ട് ലാൻഡിങ് ആയിരുന്നു ബ്ലൂ ഗോസ്റ്റിന്റേത്. നാസയുടെ വാണിജ്യ ചാന്ദ്ര പര്യവേക്ഷണ സേവന പദ്ധതിയുടെ ഭാഗമായാണ് വിക്ഷേപണം. ഇത്തരം പതിനാലോളം കമ്പനികൾ നാസയുമായി സഹകരിച്ച് വിക്ഷേപണ ദൗത്യവുമായി എത്തിയിട്ടുണ്ട്. വൻ വിജയമായി മാറിയ ബ്ലൂ ഗോസ്റ്റ് വിക്ഷേപണം ബഹിരാകാശ-ശാസ്ത്രരംഗത്തെ അടിമുടി മാറ്റിമറിക്കും എന്നാണ് വിലയിരുത്തൽ.

Send your news and Advertisements

You may also like

error: Content is protected !!