പുതുപ്പള്ളി: നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരാകണം രാഷ്ട്രീയക്കാരെന്ന് ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസ്. പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പ്രവാസി സംഗമത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെയും, പി.ടി. തോമസിന്റെയും ജീവിതം തനിക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രോപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജിൻസൺ ആൻ്റോ ചാൾസിനു സ്വീകരണവും ഉപഹാരങ്ങളും നൽകി. ചാണ്ടി ഉമ്മൻ എം എൽ എ, ഇടുക്കി എഡിഎം ഷൈജു ജേക്കബ്, എം ജി സർവകലാശാല സിൻഡിക്കറ്റംഗം റെജി സഖറിയ, ഭദ്രാസന സെക്രട്ടറി ഫാ. കെ. എം. സഖറിയ, പുതുപ്പള്ളി പള്ളി വികാരി ഫാ. ഡോ. വർഗീസ് വർഗീസ്, സഹവികാരി ഫാ. കുര്യാക്കോസ് ഈപ്പൻ, റെജി മാ ത്യു, ട്രസ്റ്റി ഫിലിപ്പോസ് വി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. പുതുപ്പള്ളി നിയോജക മണ്ഡലത്തെ ഐടി പാർക്ക് ആക്കി മാറ്റാൻ കഴിയാവുന്ന സഹായങ്ങൾ ചെയ്യണമെന്ന് മന്ത്രി ജിൻസൺ ആന്റോയോട് ചാണ്ടി ഉമ്മൻ എംഎൽഎ അഭ്യർഥിച്ചു.