ചമോലി (ഉത്തരാഖണ്ഡ്): ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ക്യാമ്പിനു സമീപം ഉണ്ടായ ഹിമപാതത്തിൽപ്പെട്ട 54 തൊഴിലാളികളിൽ 46 പേർ സുരക്ഷിതമായി രക്ഷപ്പെട്ടു, എന്നാൽ 8 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ദിവസങ്ങളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ, ഞായറാഴ്ച അവശേഷിച്ച അവസാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ 60 മണിക്കൂർ നീണ്ടുനിന്ന രക്ഷാദൗത്യം അധികൃതർ അവസാനിപ്പിച്ചു.
രക്ഷപ്പെട്ടവരിൽ ചമോലി സ്വദേശിയായ ഗോപാൽ ജോഷിയും ഉൾപ്പെടുന്നു. BRO ക്യാമ്പിൽ ആക്സിലറേറ്റർ മെഷീൻ ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന ജോഷിയും സഹപ്രവർത്തകരും റോഡരികിലെ കണ്ടെയ്‌നറുകളിലായിരുന്നു താമസം.
കരസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവർ ചേർന്നാണ് സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മന ഗ്രാമത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. 6 ഹെലികോപ്റ്ററുകൾ സ്ഥലത്ത് വിന്യസിച്ചിരുന്നു. വ്യോമസേനയും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. ചമോലി ജില്ലയിലെ മനായിൽ, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിനു സമീപം, ബദരീനാഥ് ധാമിനു 3 കിലോമീറ്റർ അകലെയായാണു ഹിമപാതം ഉണ്ടായത്. റോഡ് നിർമാണ തൊഴിലാളികളാണ് ഹിമപാതത്തിൽപ്പെട്ടത്.