Thursday, April 30, 2026
Home » അമേരിക്കയുടെ റീഫ്യുവലിങ് വിമാനം തകർന്ന് വീണു; ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ ആറ് ഫ്രഞ്ച് സൈനികർക്ക് പരുക്ക്.
അമേരിക്കയുടെ റീഫ്യുവലിങ് വിമാനം തകർന്ന് വീണു; ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ ആറ് ഫ്രഞ്ച് സൈനികർക്ക് പരുക്ക്.

അമേരിക്കയുടെ റീഫ്യുവലിങ് വിമാനം തകർന്ന് വീണു; ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ ആറ് ഫ്രഞ്ച് സൈനികർക്ക് പരുക്ക്.

by Editor

വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ഒരു റീഫ്യുവലിങ് വിമാനം ഇറാഖിൽ തകർന്ന് വീണതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഇറാഖിലെ എയർ സ്‌പേസിൽ വെച്ചാണ് അപകടം. അമേരിക്കൻ വ്യോമസേനയുടെ KC-135 സ്ട്രാറ്റോടാങ്കർ (Stratotanker) എന്ന ഇന്ധനം നിറയ്ക്കുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കമായ ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ ഭാഗമായാണ് ഈ വിമാനം പ്രവർത്തിച്ചിരുന്നത്.

രണ്ട് വിമാനങ്ങൾ ഉൾപ്പെട്ട ഒരു ആകാശ അപകടമാണിതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ശത്രുപക്ഷത്തെ അക്രമമോ അബദ്ധത്തിൽ സ്വന്തം പക്ഷത്തുനിന്നുള്ള വെടിയേൽക്കലോ അല്ല അപകടത്തിന് കാരണമായതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നും ഇതിൽ ഒന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും മറ്റൊന്ന് പടിഞ്ഞാറൻ ഇറാഖിൽ ഇറാഖിൽ തകർന്ന് വീണെന്നുമാണ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചത്. തകർന്ന വിമാനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. ഈ വിമാനത്തിൽ ആറ് ജീവനക്കാരുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

മറ്റൊരു സംഭവത്തിൽ ഇറാനിലെ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലിൽ തീപ്പിടിത്തമുണ്ടായതായി സ്ഥിരീകരിച്ച് അമേരിക്കൻ നാവികസേന. കപ്പലിലെ ലോൺട്രി മുറിയിൽ നിന്നാണ് തീ പടർന്നതെന്നും ഇത് ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്നും യുഎസ് നേവൽ ഫോഴ്‌സസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്‌ച അറിയിച്ചു. അപകടത്തിൽ രണ്ട് നാവികർക്ക് പരിക്കേറ്റു. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും കപ്പൽ ദൗത്യം തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഈ അഗ്നിബാധ കപ്പലിന്റെ സുരക്ഷാ ക്രമീകരണങ്ങളിലൂടെ വേഗത്തിൽ പരിഹരിക്കപ്പെട്ടായും യുഎസ് നാവികസേന അറിയിച്ചു.

ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ ആറ് ഫ്രഞ്ച് സൈനികർക്ക് പരുക്ക്.

വടക്കൻ ഇറാഖിലെ മഖ്മൂർ (Makhmour) സൈനിക താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ആറ് ഫ്രഞ്ച് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഐസിസ് (ISIS) വിരുദ്ധ പോരാട്ടത്തിനായുള്ള അന്താരാഷ്ട്ര സഖ്യസേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഫ്രഞ്ച് സൈനികർക്ക് നേരെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ച് ആക്രമണം ഉണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് (IRI) ഏറ്റെടുത്തു. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് അവർ അവകാശപ്പെടുന്നു. ഇറാഖിലെയും സിറിയയിലെയും വിദേശ സൈനിക സാന്നിധ്യത്തിന് നേരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്.

ഇറാഖിലെ എർബിലിന് (Erbil) സമീപമുള്ള ഇറ്റാലിയൻ സൈനിക താവളത്തിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സഖ്യസേനയുടെ താവളമാണ് ലക്ഷ്യം വെച്ചത്. ഇവിടെയാണ് ഇറ്റാലിയൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നത്. താവളത്തിന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായും എന്നാൽ ഇറ്റാലിയൻ സൈനികർക്ക് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക വിവരം. ചിലർക്ക് നിസ്സാര പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരും, ഐക്യത്തിന് ആഹ്വാനം; ആയത്തുള്ള മൊജ്‌താബ ഖൊമേനിയുടെ ആദ്യ സന്ദേശം.

Send your news and Advertisements

You may also like

error: Content is protected !!