Thursday, April 30, 2026
Home » ഇറാനിലെ ബാസിജ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാനിയൻ പൗരന്മാർ ഇസ്രായേലിന്‌ വിവരങ്ങൾ കൈമാറിയതായി റിപ്പോർട്ടുകൾ.
ഇറാൻ ഇസ്രയേൽ സംഘർഷം

ഇറാനിലെ ബാസിജ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാനിയൻ പൗരന്മാർ ഇസ്രായേലിന്‌ വിവരങ്ങൾ കൈമാറിയതായി റിപ്പോർട്ടുകൾ.

by Editor

ഇറാനിലെ സാധാരണക്കാരായ പൗരന്മാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ ഇറാനിലെ ബാസിജ് (Basij) സൈനിക കേന്ദ്രങ്ങൾക്കും ചെക്ക് പോസ്റ്റുകൾക്കും നേരെ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലുള്ള സാധാരണക്കാർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പേർഷ്യൻ ഭാഷയിലാണ് ഇസ്രായേലിന് വിവരങ്ങൾ കൈമാറുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സാധാരണക്കാരിൽ നിന്ന് ലഭിക്കുന്ന ഇത്തരം വിവരങ്ങൾ ഇസ്രായേൽ അധികൃതർ കൃത്യമായി പരിശോധിച്ച ശേഷമാണ് സൈനിക നടപടികൾക്കായി ഉപയോഗിക്കുന്നത്.

ബുധനാഴ്ച രാത്രി ടെഹ്‌റാനിലെ വിവിധയിടങ്ങളിൽ ബാസിജ് ചെക്ക് പോസ്റ്റുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ ഇത്തരത്തിലുള്ള വിവരങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ മുൻപന്തിയിലുള്ള ബാസിജ് സേനയുടെ ആത്മവിശ്വാസം തകർക്കുകയാണ് ഇത്തരം ആക്രമണങ്ങളിലൂടെ ഇസ്രായേൽ ലക്ഷ്യമിടുന്നത്. അതിനിടെ ശത്രുക്കൾക്ക് വിവരങ്ങളോ ദൃശ്യങ്ങളോ കൈമാറുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഇറാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ടെഹ്‌റാനിലെ പാർച്ചിൻ (Parchin) സൈനിക സമുച്ചയത്തിലുള്ള ‘തലെഗാൻ 2’ (Taleghan 2) എന്ന ആണവായുധ വികസന കേന്ദ്രം ഇസ്രായേൽ വ്യോമസേന തകർത്തു. കൂടാതെ ടെഹ്‌റാനിലെ ബാസിജ് മിലീഷ്യയുടെ നിരവധി ചെക്ക് പോസ്റ്റുകളും റോഡ് ബ്ലോക്കുകളും ഇസ്രായേൽ തകർത്തിട്ടുണ്ട്. ഡ്രോൺ ആക്രമണത്തിൽ നൂറോളം ബാസിജ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാൻ, കരാജ്, ഇസ്ഫഹാൻ, കാഷാൻ എന്നീ നഗരങ്ങളിലെ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളും ഐആർജിസി (IRGC) ആസ്ഥാനങ്ങളും ആക്രമണത്തിന് ഇരയായി.

ചബഹർ തുറമുഖ മേഖലയിൽ ആക്രമണങ്ങൾ നടന്നുവെങ്കിലും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ടെർമിനൽ നിലവിൽ സുരക്ഷിതമാണ്. ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾ പ്രധാനമായും ചബഹർ നഗരത്തിന് ചുറ്റുമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു. യുദ്ധം തുടങ്ങി 13 ദിവസം പിന്നിടുമ്പോൾ ഇറാനിൽ മാത്രം മരിച്ചവരുടെ എണ്ണം 1,348 കടന്നതായി ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി അറിയിച്ചു.

അമേരിക്കയുടെ റീഫ്യുവലിങ് വിമാനം തകർന്ന് വീണു; ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ ആറ് ഫ്രഞ്ച് സൈനികർക്ക് പരുക്ക്.

Send your news and Advertisements

You may also like

error: Content is protected !!