Tuesday, May 26, 2026
Home » എത്രയും വേഗം ലെബനൻ വിടണമെന്ന് യുഎസ് പൗരന്മാർക്ക് നിർദേശം
ഇസ്രയേലും ലബനനും

എത്രയും വേഗം ലെബനൻ വിടണമെന്ന് യുഎസ് പൗരന്മാർക്ക് നിർദേശം

by Editor

വാഷിംഗ്‌ടൺ: ലെബനനിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനാൽ യുഎസ് പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അമേരിക്കൻ എംബസി നിർദ്ദേശിച്ചു. വാണിജ്യ വിമാനങ്ങൾ ലഭ്യമായിരിക്കുമ്പോൾത്തന്നെ രാജ്യം വിടണമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഇറാഖിലുള്ള തങ്ങളുടെ പൗരന്മാരോടും രാജ്യം വിടാൻ യു എസ് ആവശ്യപ്പെട്ടിരുന്നു. ലെബനനിലെ സാഹചര്യം പ്രവചനാതീതമാണെന്നും വ്യോമാക്രമണങ്ങളും റോക്കറ്റ് ആക്രമണങ്ങളും വർധിച്ചുവരികയാണെന്നും ബെയ്റൂട്ടിലെ യുഎസ് എംബസി വ്യക്തമാക്കി.

തെക്കൻ ലെബനൻ, സിറിയൻ അതിർത്തി മേഖലകൾ, അഭയാർഥി ക്യാംപുകൾ, ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ (ദഹിയ ഉൾപ്പെടെ) എന്നിവിടങ്ങളിൽ ഉള്ളവർ ഉടൻ ഒഴിഞ്ഞുപോകാണമെന്ന് എംബസി ആവശ്യപ്പെട്ടു. ലെബനനിലെ അമേരിക്കൻ സർവകലാശാലകൾ ഇറാൻ അനുകൂല സായുധ സംഘങ്ങൾ ലക്ഷ്യമിട്ടേക്കാമെന്നും എംബസി ഭയപ്പെടുന്നു. ഇറാൻ അമേരിക്കൻ യുദ്ധവിമാനം വെടിവച്ചിട്ടതും, ബെയ്റൂട്ടിലും ടെഹ്റാനിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളും മേഖലയിലെ സംഘർഷം കടുപ്പിച്ചിരിക്കുകയാണ്.

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലാണ്. ബെയ്റൂട്ട്, ടയർ തുടങ്ങിയ നഗരങ്ങളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. മറുപടിയായി ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലെ ഹൈഫ, നഹാരിയ എന്നിവിടങ്ങളിലേക്ക് റോക്കറ്റുകൾ തൊടുത്തുവിടുന്നുണ്ട്. മാർച്ച് 2 മുതൽ ആരംഭിച്ച ഈ പുതിയ ഘട്ടത്തിലെ യുദ്ധത്തിൽ ലെബനനിൽ ഇതുവരെ 1,368 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ലെബനനിലെ ഏകദേശം പത്ത് ലക്ഷത്തിലധികം ആളുകൾ (ജനസംഖ്യയുടെ 20%) യുദ്ധം കാരണം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു. ലിറ്റാനി നദിക്ക് കുറുകെയുള്ള പ്രധാന പാലങ്ങൾ ഇസ്രായേൽ തകർത്തത് ജനങ്ങളുടെ യാത്രയെയും സഹായമെത്തിക്കുന്നതിനെയും ബാധിച്ചിട്ടുണ്ട്. ദക്ഷിണ ലെബനനിലെ ലിറ്റാനി നദി വരെയുള്ള പ്രദേശം പിടിച്ചെടുത്ത് ഒരു “സുരക്ഷാ മേഖല” (Security Zone) സ്ഥാപിക്കാൻ ആണ് ഇസ്രായേൽ പദ്ധതി.

ഇറാനിലെ ഏറ്റവും വലിയ പാലം തകർത്ത് അമേരിക്ക; കുവൈറ്റിലും സൗദി അറേബ്യയിലും വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണം.

Send your news and Advertisements

You may also like

error: Content is protected !!