Saturday, June 20, 2026
Home » വെനസ്വേലയ്ക്ക് പിന്നാലെ അയൽരാജ്യങ്ങളായ കൊളംബിയയ്ക്കും, മെക്‌സിക്കോയ്ക്കും, ക്യൂബയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്.
വെനസ്വേലയ്ക്ക് പിന്നാലെ അയൽരാജ്യങ്ങളായ കൊളംബിയയ്ക്കും, മെക്‌സിക്കോയ്ക്കും, ക്യൂബയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്.

വെനസ്വേലയ്ക്ക് പിന്നാലെ അയൽരാജ്യങ്ങളായ കൊളംബിയയ്ക്കും, മെക്‌സിക്കോയ്ക്കും, ക്യൂബയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്.

by Editor

വാഷിങ്ടൺ: വെനസ്വേലയിൽ ആക്രമണം നടത്തി പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ അയൽരാജ്യങ്ങളായ കൊളംബിയ, മെക്‌സിക്കോ, ക്യൂബ എന്നിവയ്ക്കും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. മയക്കുമരുന്നിൻ്റെ നിർമാണവും കടത്തും തടഞ്ഞില്ലെങ്കിൽ വെനസ്വേലയ്ക്ക് സമാനമായ അവസ്ഥയുണ്ടാകുമെന്നാണ് കൊളംബിയൻ പ്രസിഡൻ്റ് ഗുസ്‌താവോ പെട്രോയ്ക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയത്. കൊളംബിയയെ കൂടാതെ മെക്‌സിക്കോ, ക്യൂബ എന്നീ രാജ്യങ്ങൾക്കും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമേരിക്കയ്ക്ക് ഭീഷണിയുയർത്തുന്ന ‘പ്രശ്‌നക്കാരായ അയൽക്കാർ’ എന്നാണ് കൊളംബിയ, മെക്സിക്കോ, ക്യൂബ എന്നീ രാജ്യങ്ങളെ ട്രംപ് വിശേഷിപ്പിച്ചത്. ഇതോടെ ട്രംപ് ഈ രാജ്യങ്ങൾക്കുമേൽ സമ്മർദ്ദം കടുപ്പിച്ചിരിക്കുകയാണ്. പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് ക്യൂബയെന്ന് ട്രംപ് പറഞ്ഞു. മെക്സിക്കോയിലെ ഭരണം നിയന്ത്രിക്കുന്നത് മയക്കുമരുന്ന് മാഫിയകളാണെന്ന് അദ്ദേഹം ആരോപിച്ചു. അവിടെ ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്.

കൊളംബിയയിൽ മൂന്ന് പ്രധാന കൊക്കെയ്ൻ ഫാക്‌ടറികളുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചു. ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിർമാണത്തിൽ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അമേരിക്കയുടെ നടപടി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പരമാധികാരത്തിന് നേരേയുള്ള ആക്രമണമെന്നാണ് ഗുസ്‌താവോ പെട്രോ വിശേഷിപ്പിച്ചത്.

മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻ ബോമിനെയും ട്രംപ് വിമർശിച്ചു. മെക്‌സിക്കൻ പ്രസിഡന്റ് നല്ല സ്ത്രീയാണെങ്കിലും അവർ രാജ്യത്ത് നല്ല രീതിയിൽ ഭരണം നടത്തുന്നില്ല. കാർട്ടലുകളാണ് മെക്സിക്കോയെ നയിക്കുന്നത്, അവരെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അതിനായി ഞാൻ പലതവണ ക്ലോഡിയയോട് ചോദിച്ചു. അതിന് ക്ലോഡിയ അനുകൂല മറുപടി നൽകിയില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപ് ഭരണകൂടത്തിൻ്റെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കാമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൂചന നൽകി. ഫിഡൽ കാസ്ട്രോയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ക്യൂബൻ പ്രവാസികൾ നയിച്ച 1961-ലെ ബേ ഓഫ് പിഗ്‌സ് അധിനിവേശത്തെ പിന്തുണച്ചതുൾപ്പെടെ ലാറ്റിനമേരിക്കയിൽ സൈനിക ഇടപെടലുകളുടെ ഒരു നീണ്ട ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്.

Send your news and Advertisements

You may also like

error: Content is protected !!