Sunday, July 12, 2026
Home » ‘ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട’; ഓസ്‌ട്രേലിയയ്ക്ക് നാണക്കേടായി മോദി താമസിച്ച ഹോട്ടല്‍ ലോബിയിലെ പ്രതിഷേധം.
'ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട'; ഓസ്‌ട്രേലിയയ്ക്ക് നാണക്കേടായി മോദി താമസിച്ച ഹോട്ടല്‍ ലോബിയിലെ പ്രതിഷേധം.

‘ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട’; ഓസ്‌ട്രേലിയയ്ക്ക് നാണക്കേടായി മോദി താമസിച്ച ഹോട്ടല്‍ ലോബിയിലെ പ്രതിഷേധം.

by Editor

മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച മെൽബണിലെ ഹോട്ടലില്‍ ഇൻഡ്യക്കാർക്കെതിരെ മുദ്രാവാക്യം വിളിച്ച് തീവ്ര വലതുപക്ഷവാദിയായ കുടിയേറ്റ വിരുദ്ധൻ. ഓസ്ട്രേലിയയിൽ ഇന്ത്യക്കാർ വേണ്ടെന്ന മുദ്രാവാക്യവുമായി ഹ്യൂഗോ ലെനോൺ (22) എന്നയാളാണ് ജൂലൈ 9-ന് അർധരാത്രി ബഹളം വച്ചത്. പ്രധാനമന്ത്രി ലോബിയിൽ നിൽക്കുമ്പോൾ ഇയാൾ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ് ബഹളം വച്ചത്. കുടിയേറ്റം അവസാനിപ്പിക്കണം എന്നും ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.

“ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാര്‍ക്കുള്ളതാണ്” എന്നാണ് ഹ്യൂഗോ ലെനോൺ അലറി വിളിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ ഹ്യൂഗോ ലെനോണെ അവിടെ നിന്നും ബലം പ്രയോഗിച്ച് മാറ്റിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് വരെ ഇയാളുടെ ശബ്ദമെത്തിയത് അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് പ്രധാനമന്ത്രിയുടെ താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ എങ്ങനെ അറിഞ്ഞു എന്നതിനെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ പ്രോപ്പർട്ടി ഡെവലപ്‌മെന്റ് ബിസിനസ്സ് ഗ്രൂപ്പിന്റെ അവകാശിയായ ഹ്യൂഗോ നിലവിൽ ഒരു തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്. ഓസ്‌ട്രേലിയയിലെ നിയോ-നാസി ഗ്രൂപ്പുകളുമായും വെളുത്ത വർഗക്കാരുടെ ദേശീയവാദ പ്രസ്ഥാനങ്ങളുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വംശീയ പ്രതിഷേധത്തെ ഓസ്‌ട്രേലിയയിലെ പ്രതിപക്ഷ നേതാവ് അംഗസ് ടെയ്‌ലർ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ ശക്തമായി അപലപിച്ചു. ഓസ്‌ട്രേലിയയുടെ ബഹുസ്വരതയ്ക്ക് ഇത്തരം വംശീയ അധിക്ഷേപങ്ങൾ ചേർന്നതല്ലെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയെ പ്രകമ്പനം കൊള്ളിച്ച, ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ‘മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ’ എന്ന വര്‍ഗ്ഗീയ-കുടിയേറ്റ വിരുദ്ധ റാലിയുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു ഇയാള്‍. മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രവാസി ഭാരതീയരുടെ വന്‍ സമ്മേളനത്തിലും ഇയാള്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു.

ത്രിദിന ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഓസ്‌ട്രേലിയയിൽ നിന്നും മടങ്ങി

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (MCG) സന്ദർശനം ഉൾപ്പെടെയുള്ള അവസാനഘട്ട പരിപാടികളും പൂർത്തിയാക്കിയ ശേഷം, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മെൽബണിൽ നിന്നാണ് നരേന്ദ്രമോദി ന്യൂസിലൻഡിലെ ഓക്‌ലൻഡിലേക്ക് പുറപ്പെട്ടത്. അന്നുതന്നെ രാത്രി 8:15 ഓടെ അദ്ദേഹം ഓക്‌ലൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുകയും ചെയ്തു.

മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌തു പ്രധാനമന്ത്രി നരേന്ദ്ര മോദി.

Send your news and Advertisements

You may also like

error: Content is protected !!