ലോസ് ഏഞ്ചല്‍സ്: ഫിഫ ലോകകപ്പിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് സ്പെയിൻ സെമി ഫൈനലിൽ പ്രവേശിച്ചു. ഫാബിയൻ റൂയിസ്, മികേൽ മെറീനോ എന്നിവർ സ്പെയിനിനായി ഗോളുകൾ നേടി. സെമി ഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ നേരിടും.
ക്വാർട്ടർ ഫൈനൽ പോരാട്ടം ആരംഭിച്ചതോടെ ലോകകപ്പ് വാശിയേറിയ പോരാട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയതോടെ ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടം കനക്കുകയാണ്. എട്ട് ഗോളുകൾ വീതം നേടി എംബാപെയും മെസിയും ഒപ്പത്തിനൊപ്പമാണ്. ഏഴ് ഗോളുകളുമായി ഹാളണ്ടും 6 ഗോളുകളുമായി ഹാരി കെയ്‌നുമാണ് തൊട്ടുപിന്നിൽ. കഴിഞ്ഞ തവണ എട്ട് ഗോളുകളുമായി എംബാപെയായിരുന്നു ഗോൾഡൻ ബൂട്ട് നേടിയത്. ഗോൾ വേട്ട തുടർന്നാൽ തുടർച്ചയായി ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരമായി എംബാപെ മാറും.

