ഓക്ലൻഡ്: നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ചരിത്ര സന്ദർശനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി ഓക്ലൻഡ് വിമാനത്താവളത്തിൽ എത്തിയ മോദിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇന്ത്യൻ സമൂഹത്തിന്റെ വൻ പങ്കാളിത്തവും ആവേശകരമായ വരവേൽപ്പുമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.
ഇന്ത്യൻ ദേശീയപതാകകൾ വീശിയും ‘കിയ ഓറ മോദി‘ എന്ന മുദ്രാവാക്യം മുഴക്കിയും പ്രവാസി ഇന്ത്യക്കാർ പ്രധാനമന്ത്രിയെ വരവേറ്റു. പരമ്പരാഗത കലാപരിപാടികളിലൂടെ ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പാരമ്പര്യവും ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹം അവതരിപ്പിച്ചു. തലമുറകള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും അപ്പുറം ഇന്ത്യന്‍ സംസ്‌കാരം ജീവസുറ്റതാക്കി നിലനിര്‍ത്തുന്ന പ്രവാസി ഇന്ത്യക്കാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാകും ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍. ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുന്ന സന്ദര്‍ശനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌തു പ്രധാനമന്ത്രി നരേന്ദ്ര മോദി.

