Sunday, July 12, 2026
Home » ആഗോള വ്യോമശക്തിയിൽ ഇന്ത്യൻ വ്യോമസേന (IAF) മൂന്നാം സ്ഥാനത്ത്. അമേരിക്കയും റഷ്യയും മുന്നില്‍.
ആഗോള വ്യോമശക്തിയിൽ ഇന്ത്യൻ വ്യോമസേന (IAF) മൂന്നാം സ്ഥാനത്ത്. അമേരിക്കയും റഷ്യയും മുന്നില്‍.

ആഗോള വ്യോമശക്തിയിൽ ഇന്ത്യൻ വ്യോമസേന (IAF) മൂന്നാം സ്ഥാനത്ത്. അമേരിക്കയും റഷ്യയും മുന്നില്‍.

by Editor

വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) പുറത്തുവിട്ട ആഗോള വ്യോമശക്തി റാങ്കിങ്ങിൽ (Global Air Powers Ranking), രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ വ്യോമസേന (IAF) ലോകത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഈ പട്ടികയിൽ അമേരിക്ക ഒന്നാമതും റഷ്യ രണ്ടാമതുമാണ്. വിമാനങ്ങളുടെ എണ്ണത്തിൽ ചൈനയാണ് മുന്നിലെങ്കിലും, മികച്ച യുദ്ധസന്നദ്ധതയും ആധുനിക സാങ്കേതികവിദ്യയും മുൻനിർത്തി ഇന്ത്യ ചൈനയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി. 2022-ന് ശേഷം ഇത് അഞ്ചാം തവണയാണ് ഇന്ത്യ ചൈനയെ മറികടക്കുന്നത്.

വ്യക്തിഗത വ്യോമസേനകളുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യോമസേന ആറാം സ്ഥാനത്താണ്. യുഎസ് എയര്‍ഫോഴ്സ്, യുഎസ് നേവി, റഷ്യന്‍ എയര്‍ഫോഴ്സ്, യുഎസ് ആര്‍മി, യുഎസ് മറൈന്‍ കോര്‍പ്‌സ് എന്നിവയ്‌ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്സ് ഏഴാം സ്ഥാനത്താണ്. വെറും വിമാനങ്ങളുടെ എണ്ണം മാത്രം നോക്കിയല്ല WDMMA ഈ റാങ്കിങ് നിശ്ചയിക്കുന്നത്. വ്യോമസേനയുടെ ആധുനികീകരണം, ആക്രമണ-പ്രതിരോധ ശേഷികൾ, ലോജിസ്റ്റിക്സ് സപ്പോർട്ട്, പൈലറ്റുമാരുടെ പരിശീലനം, തദ്ദേശീയ നിർമ്മാണ ശേഷി എന്നിവയെല്ലാം വിലയിരുത്തുന്ന ‘ട്രൂവാല്യൂ റേറ്റിങ്’ (True Value Rating) അടിസ്ഥാനമാക്കിയാണ് ഈ നേട്ടം. റഫാൽ (Rafale), സുഖോയ് (Su-30 MKI), തദ്ദേശീയമായി നിർമ്മിച്ച തേജസ് (LCA Tejas) തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളുടെ സാന്നിധ്യവും വ്യോമസേനയുടെ ശക്തമായ ലോജിസ്റ്റിക്സ് സംവിധാനങ്ങളുമാണ് ഇന്ത്യയെ ഈ ചരിത്ര നേട്ടത്തിന് അർഹമാക്കിയത്.

റാങ്കിങ് തയ്യാറാക്കുമ്പോൾ അമേരിക്കയുടെ നാല് സൈനിക വ്യോമവിഭാഗങ്ങളായ എയർഫോഴ്സ്, നേവി, ആർമി, മറൈൻ കോർപ്‌സ് എന്നിവയെ പ്രത്യേകം യൂണിറ്റുകളായാണ് പരിഗണിച്ചത്.
അതിനാലാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ആകെ പട്ടികയിൽ ആറാം സ്ഥാനം ലഭിച്ചത്. എന്നാൽ രാജ്യാടിസ്ഥാനത്തിൽ അമേരിക്കയുടെ എല്ലാ വ്യോമവിഭാഗങ്ങളെയും ഒന്നായി കണക്കാക്കുമ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.

WDMMAയുടെ കണക്കുകൾ പ്രകാരം ഇന്ത്യൻ വ്യോമസേനയ്ക്ക് നിലവിൽ 1,716 സൈനിക വിമാനങ്ങളാണ് ഉള്ളത്. ഇതിൽ 542 യുദ്ധവിമാനങ്ങൾ ഏഴ് വ്യത്യസ്‌ത വിഭാഗങ്ങളിലായി സേവനത്തിലുണ്ട്. ഔദ്യോഗികമായി വിരമിച്ച മിഗ്-21 വിമാനങ്ങളും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ വിഭാഗത്തിൽ 498 വിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ഇതിൽ 222 എംഐ17 ഹെലികോപ്റ്ററുകളും, 111 HAL ധ്രുവ്, റുദ്ര ഹെലികോപ്റ്ററുകളും ഉൾപ്പെടുന്നു.

വിവിധ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങള്‍, ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം, എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം, സ്വദേശീയമായ ബ്രഹ്‌മോസ്, അസ്ത്ര മിസൈലുകള്‍, അത്യാധുനിക സെന്‍സറുകള്‍, ഇലക്ട്രോണിക് യുദ്ധസാമഗ്രികള്‍ എന്നിവയും ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി ഗണ്യമായി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയ്‌ക്ക് 3,700-ലധികം വിമാനങ്ങളും ജെ-20 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളും ഉണ്ടായിട്ടും, വിമാനങ്ങളുടെ എണ്ണം മാത്രം യഥാര്‍ത്ഥ യുദ്ധശേഷി നിര്‍ണയിക്കുന്ന ഘടകമല്ലെന്ന് വിലയിരുത്തുന്നു.

Send your news and Advertisements

You may also like

error: Content is protected !!